ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി; മത്സരിക്കാതെ കോണ്‍ഗ്രസ്, എഎപി പരാജയപ്പെട്ടു
ന്യൂഡല്‍ഹി: ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സരബ്ജിത്ത് കൗര്‍ വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. എഎപി സ്ഥാനാര്‍ത്ഥിക്കും ബിജെപി സ്ഥാനാര്‍ത്ഥിക്കും ഒരുപോലെയായിരുന്നു വോട്ട് നില. എഎപിക്ക് ലഭിച്ച ഒരു വോട്ട് അസാധുവാക്കുകയായിരുന്നുവെന്നാണ് എഎപി ആരോപിക്കുന്നത്. ഇത് കാരണം ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു.
ഇതാണ് ബഹളത്തിന് ഇടയാക്കിയത്. എഎപിയുടെ കൗണ്‍സിലര്‍മാര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയറുടെ അടുത്ത് ഇരിക്കുകയും ഡെപ്യൂട്ടി മേയര്‍ സീനിയര്‍ ഡെപ്യൂട്ടി മേയര്‍ എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടപ്പ് നടത്താന്‍ ഡെപ്യൂട്ടി കമ്മീഷ്ണറെ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത് മൂലം തെരഞ്ഞെടുപ്പ് സ്തംഭിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കൗറിന് ഇനി രണ്ട് തെരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കണം.

എന്നാല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്താതെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ ഏഴ് കൗണ്‍സിലര്‍മാരും വോട്ടിംഗ് പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം അകാലിദള്‍ കൗണ്‍സിലര്‍ ഹര്‍ദീപ് സിംഗും ചേര്‍ന്നിരുന്നു. ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ എഎപിക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍, പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് അത് എഎപിയുടെ നില ശക്തിപ്പെടുത്തുകയും എഎപിക്ക് വോട്ട് നല്‍കാതെ ബിജെപിക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ അതും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നത്.
ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 35-ല്‍ 14 സീറ്റുകളും അടുത്തിടെ നേടിയ ശേഷം, പഞ്ചാബിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ മുന്നേറ്റത്തിനായി മേയര്‍ സ്ഥാനത്തേക്ക് എത്താന്‍ എഎപി കഠിന ശ്രമം നടത്തുകയായിരുന്നു. അതിനിടെ ബിജെപി പിടിച്ചെടുത്ത വാര്‍ഡുകളുടെ എണ്ണം 26ല്‍ നിന്ന് 12 ആയി കുറഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബിജെപിയും അവരുടെ പ്രതിഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ശനിയാഴ്ച, തുടക്കത്തില്‍ എഎപിക്കും ബിജെപിക്കും 14 വോട്ടുകള്‍ വീതം നേടാന്‍ കഴിഞ്ഞു. ബിജെപിക്ക് 13 കൗണ്‍സിലര്‍മാര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് മുനിസിപ്പല്‍ ഹൗസിലെ എക്സ് ഒഫീഷ്യോ അംഗമായ പാര്‍ലമെന്റ് അംഗം കിരണ്‍ ഖേറിന്റെതാണ്.
ഒരു എംപിക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് എഎപി കൗണ്‍സിലര്‍മാര്‍ വാദിച്ചെങ്കിലും, ഒരു എംപി സഭയിലെ എക്സ് ഒഫീഷ്യോ അംഗമാണെങ്കില്‍ അയാള്‍ക്കോ അവള്‍ക്കോ വോട്ടുചെയ്യാം എന്ന വ്യവസ്ഥ കാണിക്കുന്ന നിയമത്തിന്റെ പകര്‍പ്പ് സെക്രട്ടറി അവര്‍ക്ക് നല്‍കി. പിന്നീട്, എഎപിക്ക് അനുകൂലമായ ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ബിജെപിയുടെ 14 വോട്ടിനെതിരെ എഎപിക്ക് 13 വോട്ട് മാത്രമാണ് ലഭിച്ചത്. രാവിലെ 11:10 ന് തിരഞ്ഞെടുപ്പ് ആരംഭിച്ചു, ബിജെപി കൗണ്‍സിലര്‍ മഹേഷ് ഇന്ദര്‍ സിംഗ് സിദ്ദു പ്രിസൈഡിംഗ് ഓഫീസറായി. ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിംഗ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications