സന്തോഷിലൂടെ കർണാടക ബിജെപിയിൽ ബ്രാഹ്മണ ആധിപത്യത്തിന് നീക്കം: ലിംഗായത്ത് ഇടയുമോ? ഷെട്ടാർ നല്‍കുന്ന സൂചനകള്‍
തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ബിജെപിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കഴിഞ്ഞ ദിവസം പാർട്ടി വിട്ടതിന് പിന്നാലെ തുറന്നടിച്ചത്. സന്തോഷ് തന്റെ ഇഷ്ടക്കാരായ നേതാക്കളെ സ്ഥാനാർത്ഥികളാക്കാൻ ശ്രമിച്ചുവെന്നും പാർട്ടിയെ വളർത്തിയ തന്നെ പോലുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞുവെന്നും ഷെട്ടാർ രൂക്ഷവിമർശനം ഉയർത്തി.
ഇതാദ്യമായല്ല സന്തോഷിന്റെ ഇടപെടലിനെതിരെ നേതാക്കൾ ഇത്തരത്തിൽ പരസ്യ വിമർശനം ഉന്നയിക്കുന്നത്. നേരത്തേ മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദിയൂരപ്പയെ തത്സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയതിന് പിന്നിലും സന്തോഷാണ് പ്രവർത്തിച്ചതെന്ന ആരോപണം സംസ്ഥാന ബിജെപിയിൽ ചിലർ ഉന്നയിച്ചിരുന്നു.

അതേസമയം സന്തോഷിനെതിരായ ഷെട്ടാറിന്റെ ആരോപണങ്ങൾ കർണാടക ബിജെപിയിൽ പുതിയ ചർച്ചയ്ക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ലിംഗായത്ത് സമുദായത്തിന് അപ്രമാധത്യമുള്ള സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ബ്രാഹ്മണ സമുദായത്തിന് കൈകളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്ന തലത്തിലാണ് ചർച്ചകൾ.
കർണടാക ബിജെപിയിൽ ആധിപത്യം ഉറപ്പിക്കാൻ ബ്രാഹ്മണ സമുദായ നേതാക്കൾ ശ്രമിക്കുന്ന വെടി ആദ്യം പൊട്ടിച്ചത് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയായിരുന്നു.സംസ്ഥാനത്ത് ബിജെപി ജയിച്ചാൽ ബ്രാഹ്മണ സമുദായാംഗത്തിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി ആലോചിക്കുന്നുണ്ടെന്നായിരുന്നു കുമാരസ്വാമി ആരോപിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാൻ ആർഎസ്എസ് ബിജെപിക്ക് നിർദ്ദേശം നൽകിയതായും കുമാരസ്വാമി പറഞ്ഞിരുന്നു.
എന്നാൽ തോൽക്കുമെന്ന ഭീതിയിലാണ് കുമാരസ്വാമിയുടെ പ്രസ്താവന എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അന്ന് ബിജെപി സംസ്ഥാന നേതൃത്വം ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ പക്ഷേ കുമാരസ്വാമിയുടെ ആരോപണം ശരിവെയ്ക്കുന്നതാണെന്നാണെന്ന തരത്തിലുള്ള ചർച്ചകളാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്.
സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ നിയന്ത്രണമുള്ള നേതാവാണ് ബിഎൽ സന്തോഷ്. പത്ത് വർഷത്തിലേറെയായി ബിജെപിയിലും ആർഎസ്എസിലും സജീവ പ്രവർത്തകനായ സന്തോഷ് ഒറ്റരാത്രി കൊണ്ടായിരുന്നു സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി 2021 ൽ തിരഞ്ഞെടുക്കപ്പെടുന്നത്.
കർണാടകയുടെ തീരദേശ മേഖലയായ ഉഡുപ്പിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സന്തോഷ് ജനിച്ചത്. ദാവനഗരെയിൽ നിന്ന് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ സന്തോഷ് പിന്നീട് ആർഎസ്എസിൽ സജീവമായി പ്രവർത്തിക്കാനാരംഭിച്ചു. ഒരു പതിറ്റാണ്ട് മുൻപാണ് ബാംഗ്ലൂരിലേക്ക് സന്തോഷ് തൻറെ രാഷ്ട്രീയ തട്ടകം മാറ്റുന്നത്.
2006 ൽ സന്തോഷ് കർണാടക ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2014 മുതൽ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജോയിൻറ് ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. ആർഎസ്എസ് നേതൃത്വവുമായുള്ള സന്തോഷിന്റെ ബന്ധം അദ്ദേഹത്തെ കർണാടക ബിജെപിയിലെ പല വിഷയങ്ങളിലേയും അന്തിമ വാക്കാക്കി മാറ്റി.
സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയുടെ തുടക്ക ഘട്ടത്തിലായിരുന്നു സന്തോഷ് ജോയിന്റ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്നത്. കർണടകയിൽ ബിജെപി ആധിപത്യം ഉറപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു സന്തോഷ്. മുൻ മുഖ്യമന്ത്രിയായ ബിഎസ് യെദിയൂരപ്പയുമായി അടുത്ത ബന്ധമായിരുന്നു ആദ്യം സന്തോഷിന് ഉണ്ടായിരുന്നത്. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളിലെ സന്തോഷിന്റെ ഇടപെടലുകൾ ഇരുവരും തമ്മിലുള്ള ബന്ധം തകരാൻ കാരണമായി.
ഇതിന് പിന്നാലെയാണ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ചരടുവലികൾ സന്തോഷ് തുടങ്ങിയതെന്നാണ് അഭ്യൂഹം. ബിജെപിക്ക് വേണ്ടി തന്ത്രം മെനയുമ്പോഴും തിരശീലയ്ക്ക് പിന്നിൽ നിൽതക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സന്തോഷ്. എന്നിരുന്നാലും കർണാടകയിൽ ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാൽ സന്തോഷ് മുഖ്യമന്ത്രിയായാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം അത്തരമൊരു നീക്കം ബിജെപിയിൽ വലിയ പൊട്ടിത്തെറിക്കായിരിക്കും വഴി വെക്കുക. വർഷങ്ങളായി കർണാടകയിലെ താക്കോൽ സ്ഥാനങ്ങൾ പാർട്ടിയിൽ കൈയ്യടക്കി വെക്കുന്നത് ലിംഗായത്ത് സമുദായാംഗങ്ങളാണ്. വെറും 3 ശതമാനം ബ്രാഹ്മണർ മാത്രമുള്ള കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം ലിംഗായത്തിനെ തള്ളി ബ്രാഹ്മണ നേതാവ് ഏറ്റെടുക്കുന്നത് ലിംഗായത്ത് അടക്കമുള്ള പ്രബല വിഭാഗത്തെ ചൊടിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications