യുപിയിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; വീട് തകർന്നുവീണ് നാല് മരണം, ആറ് പേർക്ക് പരിക്ക്
ലഖ്‌നൗ: യുപി ഫിറോസാബാദിലെ നൗഷേരയിലെ പടക്ക നിർമ്മാണ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ചികിത്സയിലാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായും തകർന്നുവെന്നും നിരവധി പേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും പോലീസ് അറിയിച്ചു.
'ഷിക്കോഹാബാദ് പോലീസ് സ്‌റ്റേഷൻ ഏരിയയിൽ പടക്കങ്ങൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം നടക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടിന്റെ മേൽക്കൂര തകർന്നു. അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 10 പേരെ പോലീസ് പുറത്തെടുത്തു. 6 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ 4 പേർ മരിച്ചു... കൂടുതൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്' എന്നായിരുന്നു ആഗ്ര റേഞ്ച് ഐജി ദീപക് കുമാർ അറിയിച്ചത്.

രക്ഷാ പ്രവർത്തനത്തിനായി പ്രത്യേക സംഘം സ്ഥലത്തുണ്ടെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചത്. ജില്ലാ ആശുപത്രിയും ഉപജില്ലാ ആശുപത്രിയും അതീവ ജാഗ്രതയിലാണ്... ഡോക്‌ടർമാരുടെ സംഘം, ആംബുലൻസ്, ഫയർ ടീം, ഡിസാസ്‌റ്റർ ടീം, എല്ലാവരും സ്ഥലത്തുണ്ടെന്നും ഫിറോസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രമേഷ് രഞ്ജൻ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ടവരിൽ മൂന്ന് വയസുള്ള പെൺകുട്ടിയും മറ്റൊരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മീരാദേവി (45), അമൻ (20), ഗൗതം കുശ്‌വാഹ (18), കുമാരി ഇച്ച (3) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് ജില്ലാ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. അതേസമയം, മേഖലയിൽ പടക്ക നിർമ്മാണത്തിനും ശേഖരണത്തിനും ഒന്നും അനുമതി നൽകിയിട്ടില്ലെന്ന വിവരമാണ് അധികൃതർ പങ്കുവയ്ക്കുന്നത്.
അതീവ ജനസാന്ദ്രത ഏറിയ പ്രദേശം കൂടിയാണ് സ്ഫോടനം ഉണ്ടായ സ്ഥലം. അതുകൊണ്ട് തന്നെ പടക്കങ്ങൾ സൂക്ഷിച്ചത് അനധികൃതമായാണ് എന്നാണ് ലഭ്യമായ വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നാണ് പോലീസിലെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
നേരത്തെ ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ഈ വർഷം ഫെബ്രുവരിയിൽ സമാനമായി പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇത്തരം അപകടങ്ങൾ പതിവായിട്ടും അനധികൃതമായി പടക്കനിർമ്മാണം നടത്തുന്നതും അത് സൂക്ഷിക്കുന്നതും നിർബാധം തുടരുകയാണ്.












Click it and Unblock the Notifications