എംബസിക്ക് മുന്നിലെ സ്ഫോടനം: ഇസ്രായേല്‍ വിദേശ കാര്യമന്ത്രിയുമായി സംസാരിച്ച് ജയശങ്കര്‍, അതീവ ജാഗ്രത
ദില്ലി: ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട സ്ഥാപനങ്ങലിലും സർക്കാർ കെട്ടിടങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എല്ലായിടത്തും മെച്ചപ്പെട്ട സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) അറിയിച്ചു. മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇസ്രായേലിന്റെ കാര്യാലയത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇസ്രയേൽ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഇഎം എസ് ജയശങ്കറുമായി സംസാരിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഇന്ത്യൻ അധികാരികൾ പ്രതിജ്ഞാബദ്ധരാണെന്നും സ്‌ഫോടനത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുമെന്നും ഇന്ത്യൻ വിദേശ കാര്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു. സംഭവത്തിന് ശേഷം ദില്ലി പോലീസിന്റെ ഉന്നതരുമായി മന്ത്രി ബന്ധപ്പെടുകയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ എ പി ജെ അബ്ദുൾ കലാം റോഡിൽ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ദില്ലി പൊലീസ് അമിത് ഷായ്ക്ക് കൈമാറി.
സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്‍ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്റലിജൻസ് ബ്യൂറോയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഒരു സംഘവും എപിജെ അബ്ദുള്‍ കലാം റോഡില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ഇസ്രായേല്‍ എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. തീവ്രത കുറഞ്ഞ ഐ ഇ ഡിയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.












Click it and Unblock the Notifications