ബോളിവുഡ് താരങ്ങള്‍ക്ക് ക്ഷണം; യോഗിയുടെ സത്യപ്രതിജ്ഞ നാളെ... വീട്ടിലേക്ക് വരാമോ എന്ന് സഹോദരി
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നാളെ വീണ്ടും അധികാരമേല്‍ക്കും. ഏറെ കാലത്തിന് ശേഷം അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കി വീണ്ടും മുഖ്യമന്ത്രിയാകുന്ന യുപിയിലെ ആദ്യ നേതാവാണ് യോഗി. ഇന്ന് ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ഔദ്യോഗികമായി യോഗിയെ നേതാവായി തിരഞ്ഞെടുത്തു. ദേശീയതയും നല്ല ഭരണവും മുന്‍നിര്‍ത്തിയാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് നേരിട്ടതെന്നും അത് ജനം സ്വീകരിച്ചുവെന്നും യോഗി പറഞ്ഞു. ഞാനൊരു എംപിയായിരുന്നു. ഭരണ കാര്യങ്ങളില്‍ എനിക്ക് പരിചയമുണ്ടായിരുന്നില്ല. നരേന്ദ്ര മോദിയും അമിത് ഷായും എങ്ങനെ നല്ല ഭരണം നടത്താമെന്ന് എന്നോട് പറഞ്ഞുതന്നു. 2017ല്‍ പാര്‍ട്ടി എന്നെ വിശ്വസിച്ച് ഭരണമേല്‍പ്പിച്ചുവെന്നും യോഗി പറഞ്ഞു.

ഇത് പുതിയ ചരിത്ര പിറവിയാണെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ സംബന്ധിച്ച അമിത് ഷാ പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ പ്രത്യേക നിരീക്ഷകന്‍ കൂടിയാണ് അമിത് ഷാ. 35 വര്‍ഷമായി ഒരു പാര്‍ട്ടിക്കും രണ്ടുതവണ തുടര്‍ച്ചയായി യുപി ഭരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അമിത് ഷാ എടുത്തു പറഞ്ഞു. വെള്ളിയാഴ്ച ലഖ്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളെല്ലാം എത്തും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കും. ആയിരത്തോളം അതിഥികളുണ്ടാകും. അക്ഷയ് കുമാര്‍, കങ്കണ റാവത്ത്, ബോണി കപൂര്‍ ഉള്‍പ്പെടെ ബോളിവുഡ് താരങ്ങള്‍ക്കും ക്ഷണമുണ്ട്. വിവാദമായ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നടന്‍ അനുപം ഖേറും സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ.
അതേസമയം, യോഗിയുടെ സഹോദരിയുടെ പ്രതികരണം വൈറലായി. യോഗിയെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സഹോദരി ശശി സിങ്. വീട്ടിലേക്ക് വരാനും അമ്മയെ കാണാനുമാണ് സഹോദരി ആവശ്യപ്പെട്ടിട്ടുള്ളത്. അവരിപ്പോള്‍ ഉത്തരാഖണ്ഡിലാണ്. ഉത്തരാഖണ്ഡിലെ പന്‍ചുര്‍ ഗ്രാമത്തിലാണ് യോഗി ജനിച്ചത്. 18ാം വയസില്‍ വീടുവിട്ടിറങ്ങുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലെത്തി സന്യാസിയാകാനായിരുന്നു പദ്ധതി.
സന്യാസിയാകാന്‍ പോകുന്നു എന്ന കാര്യം യോഗി വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്ന് സഹോദരി ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഗ്രാമത്തില്‍ ചെറിയ കട നടത്തുകയാണ് ശശി സിങ്. സഹോദരന്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ഭരിക്കുമ്പോള്‍ നിങ്ങളോട് നാട്ടുകാര്‍ ചോദിക്കില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. ഞങ്ങള്‍ക്ക് കുടുംബ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല എന്നായിരുന്നു ശശിയുടെ പ്രതികരണം.












Click it and Unblock the Notifications