വരും... ചിക്കന്‍ കഴിക്കും, മടങ്ങും; കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വെറും ടൂറിസ്റ്റ് എന്ന് കവിത
ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിആര്‍എസ് നേതാവും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത. തെലങ്കാനയെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധി വിനോദ സഞ്ചാരി മാത്രമാണെന്ന് അവര്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം വരും, അങ്കപൂര്‍ ചിക്കന്‍ കഴിച്ച് മടങ്ങുകയും ചെയ്യുമെന്നും കവിത പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കനത്ത വാക് പോരാണ്. ഭരണകക്ഷിയായ ബിആര്‍എസിന് ഇത്തവണ കോണ്‍ഗ്രസ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ റാലികളിലും മറ്റുമെത്തുന്ന ജനബാഹുല്യം ഇതാണ് സൂചിപ്പിക്കുന്നത്. ബിആര്‍എസും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ത്രികോണ മല്‍സരമാണ് ഇത്തവണ തെലങ്കാനയില്‍.

രാഹുല്‍ ഗാന്ധിയുടെ ത്രിദിന ബസ് യാത്ര ഇന്ന് മുതല്‍ തെലങ്കാനയില്‍ തുടങ്ങുകയാണ്. രാഹുല്‍ ഗാന്ധിയോട് താന്‍ ഒരു കാര്യം അപേക്ഷിച്ചിരുന്നു. യാത്രയ്ക്കിടെ നിസാമാബാദ് സന്ദര്‍ശിക്കണം. വാചക കസര്‍ത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കരുതെന്നും കവിത പറഞ്ഞു. തെലങ്കാനയ്ക്ക വേണ്ടി ഒന്നും ചെയ്യാത്ത രാഹുല്‍ ഗാന്ധി എന്തിനാണ് ഇവിടെ വരുന്നതെന്നും കവിത ചോദിക്കുന്നു.
തെലങ്കാനയില്‍ രാഹുല്‍ ഗാന്ധിക്ക് ഇടമില്ല. അതുകൊണ്ടാണ് താങ്കളെ ഇലക്ഷന്‍ ഗാന്ധി എന്ന് വിളിക്കുന്നത്. ഈ വേളയില്‍ മാത്രമാണ് താങ്കളെ ഇവിടെ കാണുന്നത്. നിസാമാബാദില്‍ വന്ന് ഏറെ പ്രസിദ്ധമായ അങ്കപൂര്‍ ചിക്കന്‍ കഴിക്കണം. വിനോദ സഞ്ചാരിയായി താങ്കളെ സ്വാഗതം ചെയ്യുന്നു. താങ്കള്‍ക്ക് വരാം, പോകാം, വളരെ നന്ദി എന്നും കവിത ബോധാനില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കോണ്‍ഗ്രസ് എപ്പോഴും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും പറ്റിയാണ് സംസാരിക്കുന്നത്. സമാധാന അന്തരീക്ഷം നശിപ്പിക്കരുത്. തെലങ്കാന വളരെ സമാധാനമായി മുന്നോട്ടുപോകുന്ന സംസ്ഥാനമാണ്. മതസൗഹാര്‍ദത്തിന് പേര് കേട്ട നാടാണിത്. ഗണേശോല്‍സവത്തിന് വേണ്ടി നബിദിന പരിപാടി ഹൈദരാബാദിലെ മുസ്ലിങ്ങള്‍ മാറ്റിവച്ച കാര്യവും കവിത ഓര്‍മിപ്പിച്ചു.
സമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമായത് കൊണ്ടാണ് തെലങ്കാനയില്‍ വലിയ തോതില്‍ നിക്ഷേപം ലഭിക്കുന്നത്. ഈ സമാധാനം നശിപ്പിക്കാന്‍ കോണ്‍ഗ്രസ് വരരുതെന്നും കവിത പറഞ്ഞു. 65 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച മേഖലയാണിത്. അക്കാലത്ത് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പോലും കോണ്‍ഗ്രസിന് ആയിരുന്നില്ലെന്നും കവിത വിമര്‍ശിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേസ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് അടുത്ത മാസം ഏഴ് മുതല്‍ വോട്ടിങ് തുടങ്ങുക. തെലങ്കാനയില്‍ ഒറ്റഘട്ടമായി നവംബര്‍ 30നാണ് പോളിങ്. ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണും. മിസോറാം ഒഴികെ നാലിടങ്ങളിലും കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാണ്.












Click it and Unblock the Notifications