ബജറ്റ് 2022: രാജാവ് അലസനാകരുത്, ജനക്ഷേമത്തിനായി ക്രമീകരണങ്ങള്‍ ചെയ്യണം; മഹാഭാരതം ഉദ്ധരിച്ച് നിര്‍മല
ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിന്റെ 'പ്രത്യക്ഷ നികുതി' ഭാഗം ആരംഭിച്ചപ്പോഴായിരുന്നു നിര്‍മല സീതാരാമന്‍ മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചത്. 'രാജാവ് യോഗക്ഷേമത്തിന്, അതായത് ജനങ്ങളുടെ ക്ഷേമത്തിന് വഴിയൊരുക്കണം' എന്ന മഹാഭാരതത്തിലെ ശാന്തിപര്‍വ്വ അധ്യായത്തിലെ (12ലെ 18) ഉദ്ധരണികളോടെയാണ് അവര്‍ ബജറ്റ് പ്രസംഗത്തിന്റെ 'പ്രത്യക്ഷ നികുതി' ഭാഗം ആരംഭിച്ചത്. 'രാജാവ് അലസതകള്‍ ഉപേക്ഷിച്ച് ധര്‍മ്മത്തോടെ ഭരിച്ചുകൊണ്ട് ജനകീയ ക്ഷേമത്തിനായി ക്രമീകരണങ്ങള്‍ ചെയ്യണം എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
90 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നതായിരുന്നു നിര്‍മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ്.അധിക നികുതി അടച്ചാല്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതിദായകരെ അനുവദിക്കുന്ന ഒരു പുതിയ വ്യവസ്ഥ താന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് പ്രത്യക്ഷ നികുതി സംബന്ധിച്ച ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തിന് വലിയ ഊന്നല്‍ നല്‍കിയ ബജറ്റാണ് നിര്‍മല സസീതാരാമന്‍ അവതരിപ്പിച്ചത്. ഗതാഗത മേഖലകളെ ലക്ഷ്യമാക്കി അതിവേഗ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23 വര്‍ഷത്തില്‍ 25,000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴു മേഖലകളില്‍ ദ്രുത വികസനം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ജൈവ കൃഷിക്ക് ഊന്നല്‍ നല്‍കാനായി പദ്ധതികള്‍ രൂപീകരിക്കും. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനിച്ചു. വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നുമാണ് നിര്‍മല സീതാരാമന്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണത്തിനും രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചേക്കും. എല്‍ ഐ സിയുടെ ന്യൂനപക്ഷ ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റ് 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2023ഓടെ ഇന്ത്യയില്‍ 5 ജി കണക്ടിവിറ്റി ലഭ്യമാക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ടായി. 5 ജി ടെലികോം സര്‍വീസിനായുള്ള സ്പെക്ട്രം ലേലവും ഈ കാലയളവില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളിലായിരിക്കും 5 ജി ലഭ്യമാക്കുക. ബെംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്നൗ, അഹമ്മദാബാദ്, പൂണെ, ഛണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് 5 ജി ആദ്യമെത്തുക.












Click it and Unblock the Notifications