മിസോറാമും ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളും പോളിങ് ബൂത്തിലേക്ക്: പരസ്യ പ്രചരണം അവസാനിച്ചു
ഐസ്വാള്‍: മിസോറാമിലേയും ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലേയും പരസ്യ പ്രചരണം അവസാനിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കും 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലെ 20 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഢ് നിയമസഭയിലെ ശേഷിക്കുന്ന 70 സീറ്റുകളുടെ രണ്ടാം ഘട്ടം നവംബർ 17 ന് നടക്കും.
മിസോറാം നിയമസഭയുടെ കാലാവധി 2023 ഡിസംബർ 17-നും ഛത്തീസ്ഗഡ് നിയമസഭയുടെ കാലാവധി 2024 ജനുവരി 3-നുമാണ് അവസാനിക്കുന്നത്. അതേസമയം ഒരു മാസം നീണ്ട് നിന്ന പ്രചരണ പ്രവർത്തനങ്ങള്‍ക്കിടെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ എച്ച് ലിയാൻസെല വ്യക്തമാക്കി.

ഇന്ന് മുതല്‍ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, പൊതുയോഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പത്രസമ്മേളനങ്ങൾ, അഭിമുഖങ്ങൾ, മാധ്യമങ്ങളിലെ പാനൽ ചർച്ചകൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ലിയാൻസെല പറഞ്ഞു.സംസ്ഥാനത്തെ 1,276 വോട്ടിംഗ് കേന്ദ്രങ്ങളിൽ 149 എണ്ണം വിദൂര പോളിംഗ് സ്റ്റേഷനുകളാണെന്നും അന്തർ സംസ്ഥാന, അന്തർദേശീയ അതിർത്തികളിലെ 30 ഓളം പോളിംഗ് സ്റ്റേഷനുകൾ നിർണായകവും ദുർബലവുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, കിരൺ റിജിജു എന്നിവർ സംസ്ഥാനത്തെത്തി ബിജെപി സ്ഥാനാർത്ഥികൾക്കായി അവസാന ദിവസം പ്രചാരണം നടത്തി. തിരഞ്ഞെടുപ്പില്‍ ബിജെപി 6-8 സീറ്റുകൾ നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വൻലാൽമുഖ അവകാശപ്പെടുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേഷ്, ശശി തരൂർ എന്നിവരായിരുന്നു പാർട്ടി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി പ്രചരണം നയിച്ചത്. മ്യാൻമർ, ബംഗ്ലാദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെയും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങളായിരുന്നു ഭരണകക്ഷിയായ എംഎൻഎഫ് സജീവമായി ചർച്ചാ വിഷയമാക്കിയത്. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പരിമിതികൾക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തിന്റെ വികസനം ഉയർത്തിക്കാട്ടുന്നതിനൊപ്പം മിസോ സബ് നാഷണിലിസവും അവർ ഉയർത്തി.
പദ്ധതി നടപ്പാക്കൽ, സാമൂഹിക സാമ്പത്തിക വികസനം (എസ്ഇഡിപി), മേൽപ്പാലങ്ങളുടെ നിർമാണം, നല്ല റോഡുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എംഎൻഎഫ് സർക്കാരിന്റെ പരാജയം എന്നിവയയായിരുന്നു പ്രതിപക്ഷത്തിന്റെ ആയുധം. തിരഞ്ഞെടുപ്പില്‍ എംഎന്‍എഫും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നാണ് പ്രചരണം.












Click it and Unblock the Notifications