മനുഷ്യ ശരീരം വലിച്ചിഴച്ച് കാര്‍ പാഞ്ഞത് 10 കി.മി; മഥുരയില്‍ ഞെട്ടിക്കുന്ന സംഭവം, ഡ്രൈവര്‍ അറസ്റ്റില്‍
ആഗ്രയില്‍ നിന്നും നോയിഡയിലേക്ക് പുലര്‍ച്ചെ നാല് മണിക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.

ലക്‌നൗ: പുതുവത്സര ദിനത്തില്‍ അപകടത്തില്‍പ്പെട്ട യുവതിയുമായി കാര്‍ കിലോ മീറ്ററോളം താണ്ടിയ സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സമാനമായ സംഭവം ഉത്തര്‍ പ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം 10 കിലോമീറ്ററോളം കാറിനടിയിലൂടെ വലിച്ചിഴച്ചത്.
സംഭവത്തില്‍ കാറിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആളെ ഇടിച്ചുവീഴ്ത്തിയ ശേഷം പത്ത് കിലോ മീറ്ററോളം സഞ്ചരിച്ചതാണെന്നാണ് പൊലീസ് നിഗമനം. ദില്ലി സ്വദേശിയായ വിരേന്ദര്‍ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വേറെ ഏതെങ്കിലും വാഹനാപകടത്തില്‍പ്പെട്ടയാളിന്റെ മൃതദേഹം തന്റെ കാറിന്റെ അടിയില്‍ കുടുങ്ങിയതവാമെന്നാണ് വീരേന്ദര്‍ അറിയിക്കുന്നത്. മൂടല്‍ മഞ്ഞ് കാരണം അറിയാതിരുന്നതാണെന്നും അദ്ദേഹം പറയുന്നു.
ആഗ്രയില്‍ നിന്നും നോയിഡയിലേക്ക് പുലര്‍ച്ചെ നാല് മണിക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. മഥുരക്ക് സമീപത്തെ ടോള്‍ ബുത്തില്‍ എത്തിയപ്പോഴാണ് കാറില്‍ മൃതദേഹം കുടുങ്ങിയത്. ഇതേ തുടര്‍ന്ന് കാര്‍ തടഞ്ഞ് വീരേന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഴിയിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ജനുവരി ഒന്നിനാണ് ദില്ലിയിലെ നടുക്കിയ സമാന അപകടം ഉണ്ടായത്. ഇരുപതുകാരിയായ അഞ്ജലി സിംഗിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം 13 കിലോ മീറ്ററോളം വലിച്ചുഴക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications