മുഹമ്മദ് നബിയെ അവഹേളിച്ചു; ബിജെപി ദേശീയ വക്താവിനെതിരെ കേസ്
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെയും പത്‌നിമാരെയും അവഹേളിച്ചു സംസാരിച്ചുവെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ കേസ്. മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയില്‍ മുംബൈ പോലീസാണ് കേസെടുത്തത്. ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയത്തിലായിരുന്നു ചര്‍ച്ച. ഇതിനിടെയാണ് നുപൂര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതും മോശമാക്കി സംസാരിച്ചതുമത്രെ. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ചാനല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നു.
നുപൂര്‍ ശര്‍മയുടെ പ്രതികരണം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു. റസാ അക്കാദമിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്, മതവികാരം വ്രണപ്പെടുത്തല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, സൗഹാര്‍ദം തകര്‍ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ചാനല്‍ ചര്‍ച്ചയിലെ നുപൂര്‍ ശര്‍മയുടെ പ്രതികരണം അടങ്ങിയ വീഡിയോ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് ശേഷം തനിക്ക് വധഭീഷണിയുണ്ടായി എന്ന് നുപൂര്‍ ശര്‍മ ആരോപിച്ചു. ഇക്കാര്യം ഡല്‍ഹി പോലീസിനെ അറിയിച്ചുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. തനിക്കെതിരെ ഭീഷണി ഉയരാന്‍ കാരണം സുബൈര്‍ ആണെന്നും അവര്‍ കുറ്റപ്പെടുത്തി. ചാനല്‍ ചര്‍ച്ചയിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് സുബൈര്‍ പോസ്റ്റ് ചെയ്തതെന്നും നുപുര്‍ ശര്‍മ പറയുന്നു.
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ജോലിയാണ് ചെയ്തതെന്ന് സുബൈര്‍ പ്രതികരിച്ചു. ഭീഷണി മുഴക്കിയവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ തല്‍സമയ ചാനല്‍ ചര്‍ച്ചകളില്‍ മതന്യൂനപക്ഷത്തെ മോശമാക്കി ചിത്രീകരിക്കുന്നതും വിദ്വേഷപരമായി പ്രതികരിക്കുന്നതും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ലെന്നും സുബൈര്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നുപുര്‍ ശര്‍മക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. മുസ്ലിങ്ങള്‍ പവിത്രമായി കരുതുന്നതിനെ മോശമാക്കി ചിത്രീകരിച്ച നുപുര്‍ ശര്‍മ മാപ്പ് പറയണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
റസാ അകാദമിയുടെ മുംബൈയിലെ ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് ആണ് പരാതിക്കാരന്‍. അദ്ദേഹത്തിന് വാട്‌സ്ആപ്പ് വഴി ചാനല്‍ ചര്‍ച്ചയുടെ ചില വീഡിയോ ലഭിച്ചിരുന്നു. ഇതില്‍ പ്രവാചകനെയും കുടുംബത്തെയും വളരെ മോശമാക്കി നുപുര്‍ ശര്‍മ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പരാതി നല്‍കിയതെന്ന് ഇര്‍ഫാന്‍ ശൈഖ് പറയുന്നു. ശര്‍മയുടെ പ്രതികരണം തേടുമെന്ന് പോലീസ് അറിയിച്ചു. ശേഷമായിരിക്കും കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications