മണ്ഡ്യയില്‍ ബന്ദ്... കാവേരി പ്രശ്‌നം കത്തുന്നു.. മൈസൂര്‍, ഹൊസൂര്‍ റോഡുകളില്‍ യാത്ര വേണ്ട!
ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ മണ്ഡ്യയില്‍ ഇന്ന് (സെപ്തംബര്‍ 6, ചൊവ്വ) ബന്ദ്. കാവേരി ഹോരാട്ട സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകയോട് തിങ്കളാഴ്ച നിര്‍ദ്ദേശിച്ചത്.
തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്നും 99 കിലോമീറ്റര്‍ അകലെയാണ് ഇന്ന് ബന്ദ് നടക്കുന്ന മണ്ഡ്യ. കാവേരി ഹോരാട്ട സമിതി പ്രവര്‍ത്തകര്‍ കൂട്ടം കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ് ഇവിടെ. പ്രതിഷേധക്കാരുടെ പ്രകടനങ്ങള്‍ വാഹനഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കടകമ്പോളങ്ങളും പതിവ് പോലെ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. 2400 ലധികം പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ സജ്ജീകരണത്തിന്റെ ഭാഗമായി മണ്ഡ്യയിലെത്തിയിട്ടുള്ളത്.

മൈസൂര്‍, ഹൊസൂര്‍ റോഡുകളിലൂടെ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൊസൂരില്‍ കനത്ത ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസ്സുകളെയോ മറ്റ് വാഹനങ്ങളെയോ കര്‍ണാടകയിലേക്ക് കടത്തിവിടുന്നില്ല. അതിര്‍ത്തിയില്‍ വാഹനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. മൈസൂരില്‍ നിന്നും ബെംഗളൂരുവിലെത്തണമെങ്കില്‍ മണ്ഡ്യ കടന്നുവേണം. അതുകൊണ്ട് ആ വഴിയുള്ള യാത്രയും സുരക്ഷിതമല്ല.
സുപ്രീം കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള യോഗം ചൊവ്വാഴ്ച വൈകുന്നേരം നടക്കും. ആരും നിയമം കൈയ്യിലെടുക്കാന്‍ മുതിരരുത് എന്ന് നിയമമന്ത്രി ടി ബി ജയചന്ദ്ര ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 9 വെള്ളിയാഴ്ച കന്നഡ സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications