വെടിനിർത്തല്‍: ട്രംപ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ഇന്ത്യ; പാക് നയതന്ത്രജ്ഞന്‍ ഉടന്‍ ഇന്ത്യ വിടണം
ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിർത്തല്‍ കരാറില്‍ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. വെടിനിർത്തൽ കരാർ അമേരിക്കൻ മധ്യസ്ഥതയിലൂടെയോ വ്യാപാര ഇടപാടുകളുടെ സ്വാധീനത്തിലോ ഉണ്ടായതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ രണ്ട് രാജ്യങ്ങളുടെ സൈനിക ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (DGMO) തലത്തിൽ നേരിട്ട് നടന്ന ചർച്ചകളിലൂടെ ഉണ്ടായതാണെന്നും, വ്യാപാരം ഏതെങ്കിലും സമയത്ത് ഒരു വിഷയമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും വെടനിർത്തല്‍ കരാറിലേക്ക് എത്തിയത് അമേരിക്കയുടെ മധ്യസ്ഥതയിലൂടെയാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള "അണ്വായുധ സംഘർഷം" തടയാൻ വ്യാപാരം ഒരു പ്രധാന ഘടകമായി ഉപയോഗിച്ചതായും വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. 'ശനിയാഴ്ച, എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു പൂർണ്ണവും ശാശ്വതവുമായ വെടിനിർത്തൽ ഉണ്ടാക്കി, ഇത് ധാരാളം അണ്വായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അപകടകരമായ സംഘർഷം അവസാനിപ്പിച്ചു' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. വെടിനിർത്തൽ സാധ്യമായില്ലെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തുമെന്ന അവകാശ വാദവും ട്രംപ് നടത്തിയിരുന്നു.

എന്നാല്‍ ട്രംപിന്റെ വാദങ്ങള്‍ ഇന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഒരോന്നായി തള്ളി. 'മെയ് 10-ന് ഉച്ചയ്ക്ക് 3:35-ന് ആരംഭിച്ച ഇന്ത്യ-പാകിസ്ഥാൻ ഡി ജി എം ഓകൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് വെടിനിർത്തലിന്റെ തീയതി, സമയം, എന്നിവ തീരുമാനിച്ചത്. മെയ് 10-ന് രാവിലെ ഇന്ത്യ പാകിസ്ഥാൻ എയർഫോഴ്സ് ബേസുകളിൽ വളരെ ഫലപ്രദമായ ആക്രമണം നടത്തിയതിന് ശേഷമാണ് വെടിനിർത്തൽ ചർച്ചകൾ നടന്നത്. വ്യാപാര വിഷയം ഒരിക്കലും ചർച്ചയിൽ വന്നില്ല' രൺധീർ ജയ്സ്വാൾ പറഞ്ഞു.
പഹൽഗാമിൽ ഭീകരതയുടെ ഇരകൾ ഇന്ത്യൻ വിനോദസഞ്ചാരികളാണെന്നും തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാനാണെന്നും ലോകത്തിന് ധാരണയുണ്ട്. നിരവധി വിദേശ നേതാക്കൾ സ്വയം പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ നിന്ദ്യമായ ഭീകരപ്രവർത്തനത്തിന്റെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നൽകുന്നവരെയും, സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് യുഎൻ സുരക്ഷാ കൗൺസില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. അതില്‍ യാതൊരു മാറ്റവും ഇല്ല.
കഴിഞ്ഞ രണ്ട് വർഷത്തോളമായി, ലഷ്കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF)-നെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങൾ നമ്മള്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലുമായും ഉപരോധ സമിതിയുടെ നിരീക്ഷണ സംഘവുമായും പങ്കുവെക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ നിർദേശിച്ച് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദേശം. ഔദ്യോഗിക പദവിക്ക് ചേരാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. 'ഇന്ത്യാ സർക്കാർ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ, അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് ചേരാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പെഴ്സോണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു. ഈ ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്'വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications