തങ്ങളെ ആരും രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടെന്ന് മോദി
ദില്ലി: രാജ്യത്തിനായി ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവന്‍ കൊടുത്തവരെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവായ മസ്രത്ത് ആലത്തെ ജയില്‍ മോചിതനാക്കിയ നടപടിയില്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യ സ്‌നേഹത്തിന്റെ പേരില്‍ പ്രതിപക്ഷം ബിജെപിയെ കുരുശില്‍ കയറ്റാന്‍ തുടങ്ങിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ വൈകാരികമായ മറുപടി. കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടല്ല ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആലത്തെ സ്വതന്ത്രനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആലത്തിനെ വിട്ടയച്ചതിലുള്ള പ്രതിഷേധം ഏതെങ്കിലും ഒരാളുടേതല്ല. അത് രാജ്യവ്യാപകമായി എല്ലാവരുടേയും പ്രതിഷേധമാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന ഒന്നിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മോദി പറഞ്ഞു.
ജമ്മുകശ്മീരില്‍ എല്ലാ കാര്യങ്ങളും ബിജെപിയോട് ചര്‍ച്ച ചെയ്തിട്ടല്ല പിഡിപി നടപ്പിലാക്കാറുള്ളത്. ആലത്തിനെതിരെയുള്ള കേസുകളില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും കരുതല്‍ തടങ്കല്‍ കാലാവധി കഴിഞ്ഞിരുന്നു എന്നും ആണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുളളത്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഈ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ഐക്യവും സമാധാനുവും തകര്‍ക്കാൻ ഒന്നിനേയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. അദദേഹത്തിന്റെ പ്രസംഗം പുരോഗമിക്കവേ പ്രതിപക്ഷ കക്ഷികള്‍ ബഹളം ഉണ്ടാക്കി. അപ്പോഴാണ് ദേശസ്‌നേഹം തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന് മോദി പറഞ്ഞത്.












Click it and Unblock the Notifications