കോൺഗ്രസിന് വൻ ബൂസ്റ്റ്; എംഎൽഎയും മകനും കോൺഗ്രസിലേക്ക്..കൂടുതൽ പേർ എത്തുമെന്ന്
ബെംഗളൂരു; കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും ഒന്നരവർഷമാണ് ശേഷിയ്ക്കുന്നത്. ഇതിനോടകം തന്നെ നിയമസഭ ലക്ഷ്യം വെച്ചുള്ള ശക്തമായ പ്രവർത്തനങ്ങളാണ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ തക്ക തരത്തിൽ പാർട്ടിയിൽ ഉടൻ തന്നെ ഡികെ അഴിച്ചുപണികൾ നടത്തിയേക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് കണക്കാക്കപ്പെടുന്ന തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും അട്ടിമറി വിജയം നേടാനുള്ള ലക്ഷ്യത്തിലാണ് കോൺഗ്രസ്. അതിനിടെ പാർട്ടിയുടെ പ്രതീക്ഷ ഉയർത്തി കോൺഗ്രസിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിലായി സംസ്ഥാന എംഎൽഎയും മകനുമാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കലിലാണ് കോൺഗ്രസ് ഇപ്പോൾ. കൂടുതൽ സീറ്റുകൽ ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾ നേതാക്കൾ ആരംഭിച്ച് കഴിഞ്ഞു. കോൺഗ്രസിന്റേയും ജെഡിഎസിന്റേയും ശക്തികേന്ദ്രങ്ങളാണ് പഴയ മൈസൂരു മേഖലയിൽ നിന്ന് കൂടുതൽ പ്രബല നേതാക്കളെ പാർട്ടിയിൽ എത്തിക്കണമെങ്കിൽ ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കണമെന്ന് കോൺഗ്രസ് കരുതുന്നു. പ്രത്യേകിച്ച് സംസ്ഥാനത്ത് ജെഡിഎസ് രാഷ്ട്രീയമായി തകർന്ന് കിടക്കുന്ന ഈ പശ്ചാത്തലത്തിൽ.

ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണത് മുതൽ കനത്ത തിരിച്ചടിയാണ് ജെഡിഎസ് നേരിടുന്നത്. നിയമസഭ ഉപതിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും നിലം തൊടാൻ പോലും സാധിച്ചിരുന്നില്ല. മാത്രമല്ല പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും ജെഡിഎസിന് വെല്ലുവിളിയാണ്. ഇതിനോടകം തന്നെ നിരവധി നേതാക്കൾ പാർട്ടി വിടാൻ തയ്യാറായി നില്‌ക്കുന്നുണ്ട്. വൊക്കാലിഗ സമുദായക്കാരയ ജെഡിഎസ് പ്രവർത്തകരും നേതാക്കളും കടുത്ത അതൃപ്തിയിലാണ്. പഴയ മൈസൂരു മേഖലയിൽ ജെഡിഎസിന്റെ ഉറച്ച വോട്ട് ബാങ്കാണ് വൊക്കാലിഗ വിഭാഗം. ഈ വോട്ടുകൾ കൂടി ലക്ഷ്യം വെച്ചാണ് സമുദായാംഗമായ ഡികെ ശിവകുമാറിനെ കോൺഗ്രസ് പാർട്ടി അധ്യക്ഷനാക്കിയത്.

ഡികെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷനായി എത്തിയത് മുതൽ ജെഡിഎസിലെ ചില നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കം ശക്തമാക്കിരുന്നു. അതേസമയം നിലവിൽ രാഷ്ട്രീയമായി തിരിച്ചടി നേരിടുന്ന ജെഡിഎസ് നിലനിൽപ്പിനായി ബിജെപിയുമായി സഖ്യത്തിലെത്തിയേക്കുമെന്നുള്ള ചർച്ചകളും നിലനിൽക്കുന്നുണ്ട്.

ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പാർട്ടി തലവൻ ദേവഗൗഡയും വ്യക്തമാക്കിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ജെഡിഎസ്-ബിജെപി സഖ്യം തള്ളാൻ സാധിക്കില്ല. എന്നാൽ ബിജെപിയുമായി നേതാക്കൾ അടുക്കുന്നതിലും പാർട്ടിക്കുള്ളിൽ ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്.

ഇത്തരം ചർച്ചകൾക്കിടയിലാണ് ഇപ്പോൾ ജെഡിഎസിന് കനത്ത തിരിച്ചടി നൽകികൊണ്ട് മുതിർന്ന ജെഡിഎസ് നേതാവും ചാമുണ്ഡേശ്വരി എംഎൽഎയുമായ ജിടി ദേവഗൗഡയും മകൻ ഹരീഷ് ഗൗഡയും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയായിരുന്നു ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലം പിടിച്ചത്. ഏറെ നാളായി നേതൃത്വുമായി അകന്ന് നിൽക്കുകയാണ് ജിടി ദേവഗൗഡ.

നേരത്തേ സിദ്ധരാമയ്യയെ വീഴ്ത്തിയാൽ ജെഡിഎസ് അധികാരത്തിലേറുമ്പോൾ സുപ്രധാന വകുപ്പ് തന്നെ നൽകുമെന്ന് എച്ച്ഡി കുമാരസ്വാമി ജിടിക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ കുമാരസ്വാമി വാക്ക് പാലിച്ചില്ല. ജിടി ആവശ്യപ്പെട്ട കോർപറേഷൻ വകുപ്പിന് പകരം വിദ്യാഭ്യാസ വകുപ്പായിരുന്നു നൽകിയത്. ഇതിൽ കടുത്ത അതൃപ്തി ജിടി ഉയർത്തിയിരുന്നു. തൊട്ട് പിന്നാലെ നടന്ന ഹുൻസൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാൻ ജിടി തയ്യാറായിരുന്നില്ല. പകരം കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കായിരുന്നു ജിടി പിന്തുണ പ്രഖ്യാപിച്ചത്. മാത്രമല്ല മുൻ മന്ത്രിയും പാർട്ടി നേതാവുമായ സ ര മഹേഷുമായും ജിടി സ്വര ചേർച്ചയിൽ അല്ല. ഇതോടെ ജിടി പാർട്ടി വിട്ടേക്കുമെന്നുള്ള ചർച്ചകൾ സജീവമായിരുന്നു.

എംഡിസിസി ബാങ്ക് പ്രസിഡന്റ് കൂടിയായ മകൻ ഹരീഷിനൊപ്പം കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത് സംബന്ധിച്ച് ജിടി ദേവഗൗഡ തന്റെ അനുയായികളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം കൂറുമാറ്റ നിരോധന നിയമം ബാധിക്കാതിരിക്കാൻ തിരഞ്ഞെടുപ്പിനോട് അടുത്താകും ജിടി ദേവഗൗഡ കോൺഗ്രസിൽ ചേർന്നേക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ജിടിയ്ക്കൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തകരെല്ലാം കോൺഗ്രസിൽ ചേർന്നേക്കും. ഇവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകാൻ ജിടി കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും.

വരും നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വര, ഹുൻസൂർ മണ്ഡലങ്ങളിൽ സീറ്റ് ലക്ഷ്യം വെച്ചാണ് ജിടിയുടെ കോൺഗ്രസ് പ്രവേശം. അതേസമയം അച്ഛനും മകനും നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് നേതാവായ സിദ്ധരാമയ്യയുടെ നിലപാട്. ഒരാൾ നിയമസഭയിലേക്കും മറ്റൊരാൾ ലോക്സഭയിലേക്കും മത്സരിക്കട്ടേയെന്നും സിദ്ധരാമയ്യ പറയുന്നു. ഇത് അംഗീകരിക്കാൻ നേതാക്കൾ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതിനിടെ ജിടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ജെഡിഎസും ആരംഭിച്ചതായാണ് റിപ്പോർട്ട്. ജിടി ദേവഗൗഡയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എച്ച്ഡി ദേവഗൗഡ അറിയിച്ചെങ്കിലും ജിടി അതിന് തയ്യാറായിട്ടില്ല. തന്നെ സന്ദർശിക്കേണ്ടതില്ലെന്നും ചർച്ചയ്ക്ക് താത്പര്യമില്ലെന്നും ജിടി വ്യക്തമാക്കിയിട്ടുണ്ട്. താൻ സിദ്ധരാമയ്യയുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിന് വാക്ക് നൽകിയിട്ടുണ്ടെന്നുമാണ് ജിടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്. നിരവധി പേർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും നേതാക്കൾ പറയുന്നു. മന്ത്രിസഭ വികസനത്തിന് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ചില നേതാക്കളും കോൺഗ്രസിൽ ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.
ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications