യുപി-ബീഹാര്‍ ഭയ്യകളെ പഞ്ചാബികള്‍ അടുപ്പിക്കരുതെന്ന് ചന്നി, കൈയ്യടിച്ച് പ്രിയങ്ക, വിവാദം
ദില്ലി: പഞ്ചാബില്‍ പ്രചാരണത്തില്‍ പിഴച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ഒരു പരാമര്‍ശമാണ് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. യുപി-ബീഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നാണ് ചന്നി പ്രസംഗത്തില്‍ പറഞ്ഞത്. പ്രാദേശിക വാദം കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ ചന്നിയുടെ പരാമര്‍ശത്തിന് വന്‍ കൈയ്യടികളോടെ പ്രിയങ്ക പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയം കൈവിട്ട് പോവുകയായിരുന്നു. ചിരിച്ച് കൊണ്ടായിരുന്നു പ്രിയങ്ക കൈയ്യടിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള പ്രിയങ്കയ്ക്ക് യുപിക്കാര്‍ക്ക് എതിരായ പരാമര്‍ശത്തെ എങ്ങനെയാണ് പിന്തുണയ്ക്കാന്‍ സാധിക്കുകയെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

പ്രിയങ്ക ഗാന്ധി പഞ്ചാബികളുടെ മരുമകളാണ്. അവരൊരിക്കലും യുപിക്കാരെയോ ബീഹാറികളെയോ പഞ്ചാബില്‍ കടന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ചന്നി പറഞ്ഞു. എന്നാല്‍ ഇത് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനത്തിനാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ നാണംകെട്ട പരാമര്‍ശമാണ് ചന്നി നടത്തിയതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒരു വ്യക്തിക്കെതിരെയോ ഒരു വിഭാഗത്തിനെതിരെയോ നടത്തുന്ന പരാമര്‍ശങ്ങളെ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്നുള്ളവരാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ബിജെപിയും ശക്തമായി പരാമര്‍ശത്തെ അപലപിച്ചു. യുപിയിലെയും ബീഹാറിലെയും ജനങ്ങളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു.
കോണ്‍ഗ്രസ് ഈ രാജ്യത്തെ വിഭജിക്കാനാണ് നോക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഉത്തര്‍പ്രദേശ്, ബീഹാര്‍ ജനങ്ങളെ അപമാനിക്കുമ്പോള്‍, പ്രിയങ്ക തൊട്ടടുത്തുണ്ട്. പരാമര്‍ശത്തിന് ചിരിയോടെ കൈയ്യടിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയാണോ കോണ്‍ഗ്രസ് യുപിയെയും രാജ്യത്തെയും വികസിപ്പിക്കുകയെന്നും മാളവ്യ ചോദിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് മാളവ്യ വ്യക്തമാക്കി. ബിജെപി എംപി മനോജ് തിവാരിയും ചന്നിക്കെതിരെ രംഗത്ത് വന്നു. ഇനി എങ്ങനെയാണ് പ്രിയങ്കയ്ക്ക് യുപിയില്‍ പ്രചാരണം നടത്തി, ജനങ്ങളോട് വോട്ട് ചോദിക്കാന്‍ സാധിക്കുകയെന്നും മനോജ് തിവാരി ചോദിക്കുന്നു.
രാജ്യത്തെ തന്നെ അപമാനിക്കാന്‍ നോക്കിയവരില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് യുപി മന്ത്രി മോഹ്‌സിന്‍ റാസ ചോദിച്ചു. യുപിയിലെ ജനങ്ങളെ ചന്നി അപമാനിച്ചു. യുപിയുടെ പുത്രിയാണെന്ന് പറഞ്ഞ് നടക്കുന്ന പ്രിയങ്ക അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സുരക്ഷ വെച്ച് കളിച്ചയാളാണ്. പ്രിയങ്ക ചന്നിയെ പിന്തുണയ്ക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. യുപിയിലെയും പഞ്ചാബിലെയും ജനങ്ങള്‍ എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ തന്നെ വിഭജനമാണ് ഉള്ളതെന്നും മൊഹസിന്‍ റാസ പറഞ്ഞു.












Click it and Unblock the Notifications