കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും, ലഭിക്കുക 75 സീറ്റ്; ഭൂപേഷ് ബാഗേല്‍
റായ്പൂര്‍: വരാനിരിക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 75 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപേഷ് ബാഗേല്‍. ഛത്തീസ്ഗഢിലെ 90 നിയമസഭാ സീറ്റുകളിലേക്ക് ഈ വര്‍ഷം നവംബര്‍-ഡിംസബര്‍ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിയും കോണ്‍ഗ്രസും ഇതിനോടകം തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടുണ്ട്.
തന്റെ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയും തൊഴിലുറപ്പും കാര്‍ഷികോത്പന്നങ്ങള്‍ക്ക് കൃത്യമായ ആദായവും ഉറപ്പാക്കിയിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറയുന്നു. എന്നാല്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നെല്‍കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭരിക്കുന്ന നെല്ലിന് മിനിമം താങ്ങുവില (എം എസ് പി) പ്രകാരം ക്വിന്റലിന് 3,600 രൂപ വരെ ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ മാത്രമെ കര്‍ഷകര്‍ക്ക് രക്ഷയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ രാഷ്ട്രീയ വിരോധത്തിന് കര്‍ഷകര്‍ വിധേയരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
'കര്‍ഷകര്‍ക്ക് മതിയായ എം എസ് പി ലഭിക്കുന്നില്ല. കേന്ദ്രം നെല്ല് സംഭരണം കുറച്ചു. അതിനാല്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലേലം ചെയ്യേണ്ടിവന്നു. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ മൂല്യം ലഭിക്കണം,' ഭൂപേഷ് ബാഗേല്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നതിനാല്‍ തങ്ങളുടെ പ്രധാന ശ്രദ്ധ എപ്പോഴും കൃഷിയിലാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
2018 ല്‍ ബി ജെ പിയുടെ 15 വര്‍ഷത്തെ തുടര്‍ഭരണം തകര്‍ത്താണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 90 അംഗ നിയമസഭയില്‍ 68 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി ജെ പി 15 സീറ്റിലൊതുങ്ങി. ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബി എസ് പി രണ്ട് സീറ്റിലും വിജയിച്ചു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബി ജെ പിക്കും നിര്‍ണായകമാണ്.
11 പാര്‍ലമെന്റ് സീറ്റുകളാണ് ഛത്തീസ്ഗഢിലുള്ളത്. ഇതില്‍ ഒമ്പത് സീറ്റിലും നിലവില്‍ ബി ജെ പിയാണ് പ്രതിനിധാനം ചെയ്യുന്നത്. കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ഉള്ളത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സംസ്ഥാനത്തെ പ്രചരണം ആരംഭിച്ചിരുന്നു.












Click it and Unblock the Notifications