'ഇനിയും പറഞ്ഞോളൂ... അതൊന്നും എനിക്ക് പ്രശ്‌നമല്ല'; മോദിയോട് രാഹുല്‍
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ പോലുള്ളവരുടെ അധിക്ഷേപങ്ങള്‍ തന്നില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഛത്തീസ്ഗഡിലെ ബലോദ ബസാറില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ രാഹുല്‍ ഗാന്ധിയെ വിഡ്ഢികളുടെ നേതാവ് എന്ന് വിളിച്ച് പ്രധാനമന്ത്രി അധിക്ഷേപിച്ചിരുന്നു. ഇതിനോടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പാവപ്പെട്ടവരെ സഹായിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഇത്തരം അധിക്ഷേപങ്ങള്‍ തന്നില്‍ ഒരു മാറ്റവും വരുത്തുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. എവിടെ പോയാലും പ്രധാനമന്ത്രി തന്നെ അധിക്ഷേപിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അത് നല്ലതാണ്. പക്ഷെ അത് ഞാന്‍ കാര്യമാക്കുന്നില്ല. പ്രധാനമന്ത്രി അദാനിക്ക് നല്‍കുന്ന അതേ തുക പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാന്‍ എണ്ണുന്നുണ്ട്. നിങ്ങള്‍ ഒരു രൂപ അദാനിക്ക് നല്‍കുമ്പോള്‍ ഞാന്‍ പാവപ്പെട്ടവര്‍ക്ക് ഒരു രൂപ നല്‍കും,' രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യയില്‍ 'മെയ്ഡ് ഇന്‍ ചൈന' മൊബൈല്‍ ഫോണുകളുടെ ആധിപത്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തെ ആയിരുന്നു മോദി പരിഹസിച്ചത്. സ്വന്തം നാട്ടുകാരുടെ നേട്ടങ്ങള്‍ തിരിച്ചറിയാത്ത മാനസിക രോഗമാണ് ചില പാര്‍ട്ടി നേതാക്കള്‍ക്ക് ഉള്ളതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
'ഇന്ത്യയില്‍ എല്ലാവര്‍ക്കും 'മെയ്ഡ് ഇന്‍ ചൈന' മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസിന്റെ ഒരു ബുദ്ധിമാനായ നേതാവ് ഇന്നലെ പറഞ്ഞു. അരേ മുര്‍ഖോന്‍ കെ സര്‍ദാര്‍, (വിഡ്ഢികളുടെ നേതാവ്) നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്! കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ മാനസിക രോഗമുണ്ട്. സ്വന്തം നാട്ടുകാരുടെ നേട്ടങ്ങള്‍ അംഗീകരിക്കില്ല,' പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് തീര്‍ത്തും വ്യക്തതയില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഏത് വിദേശ ലെന്‍സാണ് ഉപയോഗിക്കുന്നതെന്ന് താന്‍ ആശ്ചര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ വളരെ ഉയരത്തിലാണ് എന്നും അവര്‍ക്ക് പാവപ്പെട്ടവരെ കാണാന്‍ കഴിയില്ല എന്നും മോദി പറഞ്ഞിരുന്നു. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു പിടിയുമില്ല എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications