ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്!! പാകിസ്താന് കൈമാറിയത് രണ്ട് നിരീക്ഷണ കപ്പല്‍, രണ്ടെണ്ണം ഉടന്‍
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി കടന്നുപോവുന്ന കടല്‍ മേഖലയിലെ സുരക്ഷക്കാണ് പാക് നാവിക സേനക്ക് ശനിയാഴ്ച കപ്പല്‍ കൈമാറിയത്.
ദില്ലി: പാകിസ്താന് സുരക്ഷ ശക്തമാക്കാന്‍ ചൈനയുടെ വക രണ്ട് നിരീക്ഷണ കപ്പല്‍. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി കടന്നുപോവുന്ന കടല്‍ മേഖലയിലെ സുരക്ഷക്കാണ് പാക് നാവിക സേനക്ക് ശനിയാഴ്ച കപ്പല്‍ കൈമാറിയതെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു.
പാക് നാവിക സേനാ വൈസ് അഡ്മിറല്‍ ആരിഫുള്ളാ ഹുസൈനിയാണ് ഇവ സ്വീകരിച്ചത്. പിഎംഎസ്എസ് ഹിങ്കോള്‍, പിഎംഎസ്എസ് ബാസോള്‍ എന്നിവയാണ് കൈമാറിയ കപ്പലുകള്‍. പുതിയ കപ്പലുകള്‍ പാക് നാവിക സേനയുടെ ഭാഗമായെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

കടലിനേക്കാള്‍ ആഴത്തില്‍ പാക്-ചൈന ബന്ധം പ്രതിദിനം വളരുകയാണെന്ന് ഹുസൈനി പറഞ്ഞു. രണ്ട് കപ്പലുകള്‍ കൂടി കൈമാറാന്‍ ചൈനക്ക് പദ്ധതിയുണ്ട്. സാമ്പത്തിക ഇടനാഴിയുടെ സുരക്ഷക്ക് പാകിസ്താന്‍ പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്.

5400 കോടി ഡോളര്‍ ചെലവിട്ടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക ഇടനാഴി രൂപീകരിക്കുന്നത്. കഷ്ഗറിനെയും ഗ്വാദാറിനെയും ബന്ധിപ്പിച്ച് പുതിയ വഴിയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. ഈ മേഖലയില്‍ പുതിയ റെയില്‍വേ, റോഡ്, വാതക കുഴല്‍ എന്നിവ നിര്‍മിക്കുന്നുണ്ട്.

ഇടനാഴി യാഥാര്‍ഥ്യമായാല്‍ മേഖലയുടെ മുഖഛായ മാറുമെന്ന് പാക് നാവിക സേനാ വൃത്തങ്ങള്‍ പറഞ്ഞു. ബലൂചിസ്താനിലും പാകിസ്താന്റെ മറ്റു മേഖലകളിലും വികസനത്തിന്റെ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്നും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

പാത യാഥാര്‍ഥ്യമായാല്‍ ചൈനയിലേക്ക് എണ്ണ എത്തിക്കുന്നതിന് ചെലവ് വന്‍ തോതില്‍ കുറയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും വേഗത്തില്‍ കൊണ്ടു പോവാനും സാധിക്കും. പാത യാഥാര്‍ഥ്യമാവുന്നത് ചൈനക്കാണ് കൂടുതല്‍ നേട്ടം. എന്നാല്‍ സുരക്ഷയാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി.

പാകിസ്താനുമായി ചൈന എന്നും നല്ല ചങ്ങാത്തത്തിലാണ്. ഇവരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന വാര്‍ത്തകള്‍ എല്ലാ ആഴ്ചയിലും പുറത്തുവരുന്നുണ്ട്. ഇന്ത്യാവിരുദ്ധ ശക്തികളുടെ ഐക്യമാണോ ചൈനയുടെ ലക്ഷ്യമെന്ന ആശങ്ക വര്‍ധിച്ചുവരവെയാണ് പുതിയ റിപോര്‍ട്ടുകള്‍. അതേസമയം, ചൈനയുടെ യുവാന്‍ ഇറക്കാനുള്ള ഒരു കുഴിയായി പാകിസ്താന്‍ മാറിയെന്ന ആരോപണം പാകിസ്താനില്‍ പ്രമുഖര്‍ ഉന്നയിച്ചിട്ടുമുണ്ട്.

സിപിഇസിയുടെ ഭാഗമായി പാകിസ്താനിലെ ഗ്വാദാര്‍ നഗരത്തില്‍ ചൈന ഉരുക്ക് ഫാക്ടറി സ്ഥാപിക്കുമെന്ന് അടുത്തിടെ പ്രഖ്യപിച്ചിരുന്നു. പുതിയ മൂന്ന് പദ്ധതികള്‍ക്ക് വേണ്ടി പാകിസ്താന് 10766 കോടി രൂപ ചൈന വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തു. മറ്റൊരു മൂന്ന് റോഡ് നിര്‍മാണത്തിന് വേണ്ടി 91700 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ചൈന പാകിസ്താന് ഇതുവരെ നല്‍കിയത് 1.025 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയായാല്‍ ചൈനയും പാകിസ്താനും തമ്മില്‍ വ്യാപാര ബന്ധവും ആശയവിനിമയ സംവിധാനങ്ങളും മെച്ചപ്പെടും.

ഇത്രയധികം പണം ചൈന പാകിസ്താനില്‍ ചെലവിടുന്നതിന്റെ ലക്ഷ്യമെന്താണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. ചില പാകിസ്താനി സെനറ്റര്‍മാരെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നടപടിയില്‍ ദുരുദ്ദേശമുണ്ടെന്ന് അവര്‍ പറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാതൃകയില്‍ കച്ചവടത്തിന് വന്ന് രാജ്യം പിടിക്കാനുള്ള തന്ത്രമാണന്നും അവര്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications