നീക്കങ്ങളെല്ലാം കിറുകൃത്യം, ഡസന്‍ കണക്കിന് ഡ്രോണുകളും ഹെലികോപ്റ്ററുകളും; ചൈനീസ് പ്രകോപനം വെറുതെയല്ല
ന്യൂദല്‍ഹി: ചൈനീസ് സൈന്യമായ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി കഴിഞ്ഞ ആഴ്ച യാങ്‌സെയിലെ നിലവിലെ സാഹചര്യം തകിടം മറിക്കാന്‍ ആസൂത്രണം ചെയ്ത രീതിയും മേഖലയില്‍ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രണവും സൂചിപ്പിക്കുന്നത് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഉടനീളം വര്‍ധിച്ച് വരുന്ന പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല എന്നാണ് എന്ന വിലയിരുത്തലില്‍ ഇന്ത്യ.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ചൈനീസ് ശ്രമങ്ങള്‍ തുടരും. കിഴക്കന്‍ ലഡാക്ക് കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം അരുണാചല്‍ പ്രദേശ് ആയിരിക്കാം, പ്രത്യേകിച്ച് ദക്ഷിണ ടിബറ്റ് എന്ന് ചൈന കൊതിക്കുകയും അവകാശവാദമുന്നയിക്കുകയും ചെയ്യുന്ന തവാങ് പ്രദേശത്തില്‍ എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തവാങ്ങില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്ക് കിഴക്കുള്ള യാങ്സെയില്‍ മുമ്പും ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ പ്രകോപനത്തില്‍ ഏകദേശം 300 ഓളം ചൈനീസ് സൈനികര്‍ അണിനിരന്നിരുന്നു. ഇത് വലിയ എണ്ണമാണ് എന്ന് അധികൃതര്‍ പറയുന്നു. അടുത്ത കാലത്ത് അരുണാചല്‍ പ്രദേശിലുടനീളമുള്ള എല്‍എസിയില്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിക്കുന്നത് ചൈന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെങ്കിലും എല്‍എസിയിലെ ഇന്ത്യന്‍ സൈനിക സ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

ലഡാക്കിലേതിന് സമാനമായി എല്‍എസിയുടെ കിഴക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് തവാങ്ങിലുടനീളം ചൈന സൈനിക നില ശക്തിപ്പെടുത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ 90,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം 'ദക്ഷിണ ടിബറ്റ്' എന്നാണ് ചൈന അവകാശപ്പെടുന്നത്. കിഴക്കന്‍ മേഖലയിലെ എല്‍എസിയുടെ തര്‍ക്ക പ്രദേശങ്ങളില്‍ പുതിയ ചൈനീസ് അതിര്‍ത്തി ഗ്രാമങ്ങളും വന്നുകൊണ്ടിരിക്കുന്നു.

കിഴക്കന്‍ ലഡാക്കില്‍, തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഡെപ്സാങ് സമതലങ്ങളിലെയും ഡെംചോക്കിലെ ചാര്‍ഡിംഗ് നിംഗ്ലംഗ് നല്ലാഹ് ട്രാക്കിലെയും മുഖാമുഖങ്ങളില്‍ സൈനികരെ പിരിച്ചുവിടുന്നത് ചര്‍ച്ച ചെയ്യാന്‍ ചൈന വിസമ്മതിച്ചിരുന്നു. കോര്‍പ്സ് കമാന്‍ഡര്‍ തലത്തിലുള്ള 17-ാം റൗണ്ട് ചര്‍ച്ചയില്‍ രണ്ട് ഫ്രിക്ഷന്‍ പോയിന്റുകള്‍ ഏറ്റെടുക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവസാന റൗണ്ട് ജൂലൈ 17 ന് നടന്നിട്ടും തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ല

കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ നീളുന്ന 3,488 കിലോമീറ്റര്‍ എല്‍എസിയില്‍ സൈനിക ബങ്കറുകള്‍, ഹെലിപാഡുകള്‍, തോക്ക്, മിസൈല്‍ സ്ഥാനങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ആശയവിനിമയം, റഡാര്‍ സൈറ്റുകള്‍ തുടങ്ങിയ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വ്യവസ്ഥാപിതമായി ശക്തിപ്പെടുത്തുന്നത് ചൈനയുടെ വീണ്ടുവിചാരത്തിലേക്കുള്ള ഏറ്റവും വ്യക്തമായ സൂചനയാണ്.

2021 ഫെബ്രുവരിയില്‍ പാംഗോങ് ത്സോയില്‍ സൈനികരെ പിരിച്ചുവിട്ടതിന് ശേഷം സൃഷ്ടിച്ച 'നോ പട്രോള്‍ ബഫര്‍ സോണിന്' സമീപം സൈനികര്‍ക്കുള്ള ഷെല്‍ട്ടറുകള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ഡിവിഷന്‍ തലത്തിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണവും പി എല്‍ എ പൂര്‍ത്തിയാക്കി.
ഉപ്പുവെള്ള തടാകത്തിന്റെ വടക്കും തെക്കും കരകള്‍ക്കിടയില്‍ തങ്ങളുടെ സൈനികരുടെ മികച്ച കണക്റ്റിവിറ്റിക്കായി 1958 മുതല്‍ ചൈന അനധികൃതമായി കൈവശപ്പെടുത്തിയ ഖുര്‍നാക് ഫോര്‍ട്ട് ഏരിയയിലെ പാംഗോങ് സോയ്ക്ക് കുറുകെ രണ്ട് പാലങ്ങളും പി എല്‍ എ നിര്‍മ്മിച്ചിട്ടുണ്ട്.

സമാനമായി ഡസന്‍ കണക്കിന് പുതിയ ചൈനീസ് ടെന്റുകളും മറ്റ് സൗകര്യങ്ങളും ഡെപ്സാങ് ബള്‍ജ് മേഖലയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യ സ്വന്തം പ്രദേശമായി കണക്കാക്കുന്ന 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ സ്ഥലത്ത് നിന്നാണ് കഴിഞ്ഞ ഏപ്രില്‍ മേയ് മാസങ്ങളില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞത്.












Click it and Unblock the Notifications