ഡോക്ടറും പോലീസുകാരും 6 മാസം ബലാത്സംഗം ചെയ്ത യുവതി ആത്മഹത്യ ചെയ്തു
ഭോപാല്‍: ഡോക്ടറും സുഹൃത്തുക്കളായ പോലീസുകാരും ചേര്‍ന്ന് 6 മാസത്തോളം ബലാത്സംഗത്തിനിരയാക്കിയ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ സുപേലയിലാണ് സംഭവം. 2015 ജനുവരിയില്‍ ബലാത്സംഗത്തിനിരയാക്കിയവര്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസ് നടന്നുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ.
യുവതിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് കരുതിയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു. കേസ് പിന്‍വലിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

കോളേജ് വിദ്യാര്‍ഥിനിയായിരിക്കെ മുഖ ചികിത്സയ്ക്കുവേണ്ടി സുപേലയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്ററില്‍ യുവതിയെ അഡ്മിറ്റ് ചെയ്തപ്പോഴായിരുന്നു ബലാത്സംഗത്തിനിരയാക്കിയത്. ഡോക്ടര്‍ ഗൗതം പണ്ഡിറ്റ് ഇയാളുടെ സുഹൃത്തുക്കളായ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് മയക്കുമരുന്നു നല്‍കിയശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത പ്രതികള്‍ പിന്നീട് ഇതുകാട്ടി യുവതിയെ 6 മാസത്തോളം ബലാത്സംഗത്തിനിരയാക്കി. തങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഇവരുടെ ഭീഷണി. ബന്ധുക്കള്‍ വിവരം അറിഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്. പരാതി പ്രകാരം അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്.












Click it and Unblock the Notifications