മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ ത്രില്ലര്‍, ബിജെപിക്ക് ബദല്‍ എസ്പിഎഫ്, സസ്‌പെന്‍സ്, കണക്ക് തീര്‍ക്കും!!
ഇംഫാല്‍: മണിപ്പൂരില്‍ ഏക രാജ്യസഭാ സീറ്റ് ബിജെപി അധികാര ദുര്‍വിനിയോഗത്തിലൂടെ നേടിയിരിക്കുകയാണ്. ഇതിനുള്ള തിരിച്ചടിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ദില്ലിയില്‍ നിന്ന് നേതാക്കള്‍ മണിപ്പൂരിലെത്തിയത് ഒരു കൈ നോക്കാനാണ്. സ്പീക്കറെ അയോഗ്യനാക്കാനുള്ള തീരുമാനം വരെ ഇതിന് പിന്നിലുണ്ട്. അതേസമയം വിമത നേതാക്കളുമായി കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. ബിജെപി തല്‍ക്കാലത്തേക്ക് ബിരേന്‍ സിംഗില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ സഖ്യത്തെ വിശ്വാസത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.

രാജ്യസഭയില്‍ നടന്നത് വന്‍ ചതി
കോണ്‍ഗ്രസിനെ ചതിച്ചാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത്. 28 വോട്ടുകളായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ അധികാരമില്ലാത്തവര്‍ക്ക് മുന്നിലാണ് ബാലറ്റ് പേപ്പറുകള്‍ തുറന്ന് കാണിച്ചത്. ഏഴ് എംഎല്‍എമാരോട് നിയമസഭയില്‍ തന്നെ കയറരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതാണ്. ഇതില്‍ മൂന്ന് പേരെ സ്പീക്കര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ അയോഗ്യനുമാക്കി. ഇതെല്ലാം തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയായിരുന്നു.

ഭൂരിപക്ഷത്തില്‍ ഇടിവില്ല
കോണ്‍ഗ്രസ് ഇപ്പോഴും നിയമസഭയില്‍ മുന്‍തൂക്കം നേടുന്നുണ്ട്. 21 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. ബിജെപിയില്‍ നിന്ന് മൂന്ന് പേര്‍ കൂടി വന്നതോടെ ഇത് 24 ആയി. തൃണമൂലിന്റെ എംഎല്‍എ എന്‍പിപിയുടെ നാല് സീറ്റുകള്‍ കൂടി ചേരുന്നതോടെ കക്ഷിനില 30 എത്തും. കൂടെ സ്വതന്ത്രരും അടക്കമാണ് ഇത്. 27 സീറ്റ് ഭൂരിപക്ഷത്തിന് ആവശ്യമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച മാര്‍ഗം വിശ്വാസ വോട്ടെടുപ്പില്‍ കാണിക്കാന്‍ പറ്റില്ല. കാരണം എംഎല്‍എയെ വോട്ടെടുപ്പില്‍ വിലക്കിയാല്‍ സ്പീക്കര്‍ക്ക് അയോഗ്യത വരെ നേരിട്ടേക്കാം.

കോണ്‍ഗ്രസ് വിടില്ല
കോണ്‍ഗ്രസ് വിജയത്തെ ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇത്രയും അധികാരം സ്പീക്കര്‍ക്ക് ഇല്ലെന്നാണ് ഉറപ്പാണ്. അദ്ദേഹത്തെ പുറത്താക്കി പുതിയ സര്‍ക്കാരിന് സ്പീക്കറെ തിരഞ്ഞെടുക്കാനോ പ്രോം ടേം സ്പീക്കറെ നിയമിക്കാനോ അധികാരം നല്‍കണമെന്നാണ് ആവശ്യം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനടക്കം അംഗീകരിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മുന്‍ സ്പീക്കര്‍ക്കെതിരെ നടപടി അടക്കമുള്ളവ കോണ്‍ഗ്രസ് സ്വീകരിച്ചേക്കാം.
Recommended Video

കളി കാര്യമാകുന്നു
മൂന്ന് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും പദവിയില്‍ നിന്നും രാജിവെച്ച് കഴിഞ്ഞു. ഇവരെ അയോഗ്യരാക്കാന്‍ ബിജെപി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഇതോടെ നിയമസഭയുടെ അംഗബലം 49 ആയി കുറഞ്ഞു. ഇത് കോണ്‍ഗ്രസ് കുറച്ച് കൂടി ഗുണം ചെയ്യുന്നതാണ്. ഇപ്പോള്‍ ഭൂരിപക്ഷത്തിന് വേണ്ടത് 25 സീറ്റാണ്. എന്‍പിപിയും സ്വതന്ത്രും ചേരുന്നതോടെ എളുപ്പത്തില്‍ വിശ്വാസം വിജയിച്ചെടുക്കാനും കോണ്‍ഗ്രസിന് സാധിക്കും. 26 പേരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. ബിജെപിക്ക് 23 പേരുടെ പിന്തുണയാണ് ഉള്ളത്.

ദില്ലിയിലെ ഇടപെടല്‍
അമിത് ഷാ വടക്കുകിഴക്കന്‍ മേഖലയില്‍ ഇടപെടുന്നതിന് മുമ്പ് കോണ്‍ഗ്രസ് കളത്തിലിറങ്ങി അവസരം മുതലെടുക്കുകയാണ്. ദില്ലിയില്‍ നിന്ന് അജയ് മാക്കന്‍ അടക്കം എത്തിയത് മണിപ്പൂരില്‍ അധികാരം ഉറപ്പിക്കാനാണ്. എന്‍പിപിയുമായി ഇവര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. മേഘാലയയില്‍ നിന്നും കോണ്‍റാഡ് സംഗ്മയുടെ ടീം എത്തിയാല്‍ അവരുമായി ചര്‍ച്ച നടത്താനാണ് മാക്കന്‍ അടക്കമുള്ളവരുടെ തീരുമാനം. സംഗ്മയ്ക്ക് കോണ്‍ഗ്രസ് വിരുദ്ധത മാറ്റിവെച്ച് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആഗ്രഹമുണ്ട്.

പുതിയ സഖ്യം
നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിക്ക് ബദലായി പുതിയൊരു സഖ്യം കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുകയാണ്. സെക്കുലര്‍ പ്രോഗസ്സീവ് ഫ്രണ്ട് അഥവാ എസ്പിഎഫ് എന്ന് ഇത് അറിയപ്പെടും. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത സഖ്യത്തിനുള്ള മറുപടിയാണ് ഇത്. തൃണമൂലും സ്വതന്ത്ര എംഎല്‍എയും ഈ സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനെ കാലങ്ങളായി എതിര്‍ത്തവരൊക്കെ ഈ സഖ്യത്തിലേക്ക് വരുന്നതും ശുഭസൂചനയാണ്. എന്‍പിപി അമിത് ഷായുമായി ഇടഞ്ഞതും കോണ്‍ഗ്രസിന് അധികാരത്തിലെത്താനുള്ള സുവര്‍ണാവസരമൊരുക്കുന്നു.

ബിജെപിയുടെ പരിഹാസം
കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ഭയപ്പെടുന്നില്ലെന്ന് ബിജെപി പറയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന് എല്ലാവരും കണ്ടതാണെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. ഗവര്‍ണറാണ് വിശ്വാസ വോട്ട് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത്. ഭൂരിപക്ഷം ആര്‍ക്കാണ് ഉള്ളതെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബിരേന്‍ സിംഗ് പറഞ്ഞു. അതേസമയം ബിജെപിയില്‍ നിന്ന് എംഎല്‍എമാര്‍ കൂറുമാറ്റത്തിനായി കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചാണെന്ന് ബിജെപി പറയുന്നു. ഇവിടെയാണ് സസ്‌പെന്‍സ് വീണ്ടും ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications