കൊവിഡ് കൂടുന്നു; യുപിയിലെ എല്ലാ പരിപാടികളും റദ്ദാക്കി കോണ്‍ഗ്രസ്
ലക്‌നൗ: കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ തീരുമാനിച്ചിരുന്ന എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീരുമാനിച്ച റാലികളടക്കമുള്ള പരിപാടികളാണ് റദ്ദാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയിഡയിലെ ഗൗതം ബുദ്ധ് നഗറില്‍ നടത്താന്‍ തീരുമാനിച്ച പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ഉറപ്പായതോടെ എല്ലാ സംസ്ഥാനങ്ങളും നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊതുപരിപാടികള്‍ റദ്ദാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണത്തെ ബാധിക്കും. അതേസമയം കഴിഞ്ഞ ദിവസം ബെയ്‌റേലി ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മാരത്തോണില്‍ സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം മാസ്‌ക് ശരിയായി ധരിക്കാതെ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റേതിന് സമാനമായി എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച പരിപാടി മാത്രമാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്. ആള്‍ക്കൂട്ടം കൂടുന്ന പരിപാടികളില്‍ നിയന്ത്രണം വേണമോയെന്ന് പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.
രണ്ട് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊവിഡ് ആശങ്കകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുന്‍നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വോട്ടിംഗ് സമയം നീട്ടുന്നതും വോട്ടിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ക്കുള്ള സാധ്യതയും കോടതി ആരാഞ്ഞിരുന്നു.
അതേസമയം പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ റാലികള്‍ക്ക് അനുമതി നല്‍കരുതെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിരുന്നു. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിന് ശേഷമാണ് തങ്ങളുടെ ഉത്തരവാദിത്തം ആരംഭിക്കുന്നതെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞത്.
അതുവരെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
പ്രതിദിന കണക്ക് രാജ്യത്ത് 50000 ത്തിലെത്തിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 56 ശതമാനത്തോളമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 2020 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ദിവസം 534 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482,551 ആയി.












Click it and Unblock the Notifications