ഹിമാചലില്‍ പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടില്‍; എംഎല്‍എമാര്‍ക്കിടയില്‍ സമവായം
ദില്ലി: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ധാരണയായിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലും ഇക്കാര്യം തീരുമാനിച്ചു. അതേസമയം പ്രതിഭാ സിംഗിന്റെ നേതൃത്വത്തില്‍ വലിയ ഗ്രൂപ്പ് തന്നെ മുഖ്യമന്ത്രി പദത്തിനായി മുന്നിലുണ്ട്.
ഷിംലയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഒറ്റവരി പ്രമേയമാണ് ഇക്കാര്യത്തില്‍ പാസാക്കിയത്. നേരത്തെ തന്നെ ഇക്കാര്യം പ്രതിഭയും മകനും മനസ്സിലാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ മധ്യപ്രദേശില്‍ ഇവര്‍ എത്തിയതും ഇതേ ഉദ്ദേശത്തിലായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീന ശക്തികളിലൊന്നാണ് പ്രതിഭ സിംഗ്. സുഖ്വീന്ദര്‍ സിംഗ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് ഇവര്‍ക്ക് പുറമേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖര്‍. ഇവര്‍ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ഹിമാചലില്‍ പ്രവര്‍ത്തിക്കുന്നത്. പരസ്പരം ഇവര്‍ക്ക് വലിയ താല്‍പര്യവുമില്ല.
പ്രതിഭയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്താല്‍ ഇവര്‍ പിന്തുണയ്ക്കുമെങ്കിലും മനസ്സ് കൊണ്ട് ഐക്യമുണ്ടാവാന്‍ സാധ്യത കുറവാണ്. വീരഭദ്ര സിംഗിന്റെ ഭാര്യ കൂടിയായ പ്രതിഭയ്‌ക്കൊപ്പമാണ് അനുയായികള്‍ ഉള്ളത്. മുഖ്യമന്ത്രി പദത്തിനായി അവര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ട ബാധ്യത ഇതിലൂടെ പാര്‍ട്ടിക്കുണ്ടാവും.
പ്രതിഭയെ പിന്തുണയ്ക്കുന്നവര്‍ കേന്ദ്ര നിരീക്ഷകരുടെ വാഹനം തടയുന്ന സാഹചര്യം വരെ സംസ്ഥാനക്കുണ്ടായി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ളവരാണ് നിരീക്ഷകരായി എത്തിയത്. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.
താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളല്ലെന്ന് സുഖ്വീന്ദര്‍ സിംഗ് സുക്കു പറഞ്ഞിരുന്നു. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും സുക്കു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന് ഹിമാചലിലെ മുഖ്യമന്ത്രി സ്ഥാനം വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് വ്യക്തമാണ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കായിരിക്കുക എന്നതിനെ ആശ്രയിച്ചാവും മുഖ്യമന്ത്രി സ്ഥാനം നല്‍കുക. ബാഗലിന് പുറമേ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമാണ് കേന്ദ്രത്തില്‍ നിന്ന് നിരീക്ഷകരായി എത്തിയത്. രാജീവ് ശുക്ലയും യോഗത്തിലുണ്ടായിരുന്നു.
ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. പ്രതിഭാ സിംഗുമായി രഹസ്യമായ കൂടിക്കാഴ്ച്ച രാജീവ് ശുക്ല ഇന്ന് നടത്തിയിരുന്നു. ഗവര്‍ണറെ കണ്ട ശേഷമായിരുന്നു ഇങ്ങനൊരു കൂടിക്കാഴ്ച്ച. അവര്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.












Click it and Unblock the Notifications