രാഹുല്‍ ഇനി എങ്ങോട്ട്? ഔദ്യോഗിക വസതി ഇന്ന് ഒഴിയും, സാധനങ്ങള്‍ സോണിയയുടെ വീട്ടിലേക്ക്
ദില്ലി: മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഇന്ന് ഒഴിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടാകും. സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റ് ബംഗ്ലാവ് ഒഴിഞ്ഞപ്പോള്‍ ചെയ്തതുപോലെ 12, തുഗ്ലക്ക് ലെയ്ന്‍ ബംഗ്ലാവിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി നാളെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
എസ് പി ജി സുരക്ഷ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയോട് ലോധി എസ്റ്റേറ്റ് ബംഗ്ലാവ് ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ 22നകം ഔദ്യോഗിക വസതി ഒഴിയാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഏപ്രില്‍ 14 ന് അദ്ദേഹം ചില സ്വകാര്യ വസ്തുക്കള്‍ ബംഗ്ലാവില്‍ നിന്ന് അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധി ഇനി എങ്ങോട്ടാണ് താമസം മാറ്റുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 2004ല്‍ എം പിയായ രാഹുല്‍ ഗാന്ധി 2005 മുതല്‍ ഈ വസതിയിലാണ് താമസിക്കുന്നത്. ഇതിനിടെ അയോഗ്യത കേസില്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഇതോടെ രാഹുല്‍ ഗാന്ധിക്ക് എം പി സ്ഥാനത്തുള്ള അയോഗ്യത തുടരും. സെഷന്‍ കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും ഉയര്‍ന്നിരുന്നു. ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുക എന്നാണ് രാഹുലിന്റെ മുന്നിലെ വഴി. ആദ്യം തന്നെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും ജില്ലാ കോടതിയെ സമീപിക്കൂ എന്ന നിര്‍ദേശം ലഭിച്ചേക്കും എന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് രാഹുല്‍ അപ്പീലുമായി സൂറത്ത് കോടതിയെ സമീപിച്ചത്.
ജഡ്ജി ആര്‍ എസ് മൊഗേരയാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് കോലാറില്‍ നടത്തിയ വിവാദ മോദി പരാമര്‍ശത്തിന്റെ പേരിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.












Click it and Unblock the Notifications