ഒന്നിന് പുറകെ എല്ലാവരും പോകുന്നു, കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ച് ജി23, പുന:പരിശോധന വേണം
ദില്ലി: ഗാന്ധി കുടുംബത്തിന് വീണ്ടും മുന്നറിയിപ്പുമായി ജി23 നേതാക്കള്‍. സീനിയര്‍ നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് കാര്യങ്ങള്‍ നല്ല രീതിയില്‍ അല്ല പോകുന്നതെന്ന് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ജി23. അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടതില്‍ ഇതുവരെ കോണ്‍ഗ്രസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ ഒട്ടും നല്ല രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് ജി23 സൂചിപ്പിക്കുന്നു. പഞ്ചാബില്‍ അടക്കം തുടര്‍ച്ചയായി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പോകുകയാണ്. ആര്‍പിഎന്‍ സിംഗും, ജിതിന്‍ പ്രസാദയും പോലുള്ള പ്രബല നേതാക്കളും അടുത്തിടെ കോണ്‍ഗ്രസ് വിട്ടിരുന്നു. ഇതെല്ലാം ഗാന്ധി കുടുംബത്തിന് കടുത്ത വെല്ലുവിളിയാണ്.

നേതാക്കള്‍ക്ക് പിന്നാലെ നേതാക്കളെല്ലാം പാര്‍ട്ടി വിട്ട് പോവുകയാണ്. ഗൗരവപ്പെട്ട വിഷയമാണിത്. ശരിക്കും ശ്രദ്ധിക്കേണ്ടതാണെന്നും ഗുലാം നബി ആസാദ് പഞ്ഞു. കോണ്‍ഗ്രസില്‍ മാറ്റം വേണ്ട സമയം കഴിഞ്ഞു. തീര്‍ച്ചയായും മാറി ചിന്തിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് ആനന്ദ് ശര്‍മയും മനീഷ് തിവാരിയും പറഞ്ഞു. ഇവര്‍ മൂന്ന് പേരും നേരത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച ജി23യുടെ ഭാഗമാണ്. ഗാന്ധി കുടുംബത്തിന് വ്യക്തിപരമായി ഉണ്ടായ തിരിച്ചടി കൂടിയാണ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിലെ പോപ്പുലര്‍ ഫിഗറായിരുന്നു അദ്ദേഹം. 37ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി അദ്ദേഹം നിയമിതനായിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ വക്താവായും അശ്വനി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു അശ്വനി കുമാര്‍. ഭോപ്പാല്‍ ദുരന്ത കേസ് അടക്കം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട് അശ്വനി കുമാര്‍. അതേസമയം കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്ന് തരിപ്പണമായാല്‍ അദ്ഭുതപ്പെടാനില്ലെന്നാണ് പല സീനിയര്‍ നേതാക്കളും രഹസ്യമായി സമ്മതിക്കുന്നത്. മാര്‍ച്ച് പത്തിന് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായിരിക്കില്ല കാര്യങ്ങളെന്നാണ് ഇവര്‍ പറയുന്നത്. നിലവില്‍ പഞ്ചാബിലും ഉത്തരാഖണ്ഡിലുമെല്ലാം കടുത്ത വിഭാഗീയത നിറഞ്ഞ് നില്‍ക്കുകയാണ്.
കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്, നേതാക്കള്‍ തുടരെ പാര്‍ട്ടി വിട്ടുപോകുന്നത്. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ മുന്‍ കേന്ദ്ര മന്ത്രിയാണ് പാര്‍ട്ടി വിടുന്നത്. ഒപ്പം നിരവധി പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് പോയിട്ടുണ്ടെന്നും ഗുലാം നബി ആസാദ് പറയുന്നു. എന്താണ് പാര്‍ട്ടി വിടുന്നതിന് കാരണമെന്ന് പരിശോധിക്കേണ്ടതുണ്ട്. വ്യക്തിതാല്‍പര്യത്തിന്റെ പേരിലാണ് ഇവര്‍ പോകുന്നതെന്ന് പറയുന്നത് ശരിയല്ല. പാര്‍ട്ടിക്കുള്ളില്‍ തീര്‍ച്ചയായും അതൃപ്തിയുണ്ട്. കടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഇപ്പോഴത്തെ സ്ഥിതിയില്‍ സന്തുഷ്ടരല്ലെന്നും ആസാദ് പറഞ്ഞു. അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടതില്‍ സങ്കടമുണ്ടെന്ന് വിവോക് തന്‍കയും ഭൂപീന്ദര്‍ ഹൂഡയും പറഞ്ഞു.












Click it and Unblock the Notifications