കോണ്‍ഗ്രസ് തകർത്താടുക മധ്യകർണാടകയില്‍: 35 ല്‍ 21 ഉം നേടും, അധികം പിടിക്കുന്നത് 10 സീറ്റുകള്‍
കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി പരാജയപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടുഡേ-സിവോട്ടർ സർവേയും തിങ്കളാഴ്ച പ്രവചിച്ചത്. അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ബി ജെ പിക്ക് 2018 ൽ ലഭിച്ചതിനേക്കാൾ 24 സീറ്റുകൾ കുറഞ്ഞ് 74-86 സീറ്റുകൾ മാത്രമാണ് പ്രതീക്ഷിക്കുന്നത്. 2018 ലെ 36.35 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് അവരുടെ വോട്ട് ഷെയർ കുറയുമെന്നും പ്രതീക്ഷിക്കുന്നു.
മറുവശത്ത് 40 ശതമാനം വോട്ട് ഷെയറോടെ കോൺഗ്രസിന് 107-119 സീറ്റുകൾ ലഭിക്കും. കോണ്‍ഗ്രസിന് ഇത്തവണ 33 സീറ്റുകൾ അധികം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നേതാവ് (42 ശതമാനം) ആയപ്പോള്‍ ബി ജെ പിയുടെ ബസവരാജ് ബൊമ്മൈ (31 ശതമാനം) ആണ് രണ്ടാമതുള്ളത്.

ജനതാദൾ (സെക്കുലർ) 17 ശതമാനം വോട്ട് വിഹിതത്തോടെ 23-35 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ളവർ 0-5 സീറ്റുകൾ നേടിയേക്കാം. മധ്യ കർണാടകയിൽ കോൺഗ്രസിന് 5 ശതമാനം വോട്ട് വിഹിത നേട്ടവും ബി ജെ പിക്ക് 7 ശതമാനം നഷ്ടവും ജെ ഡി എസ് ഏതാണ്ട് നിലവിലെ സ്ഥി തുടരുമെന്നും സർവേ പ്രവചിക്കുന്നു. മധ്യ കർണാടക മേഖലയിൽ 35 സീറ്റുകളാണുള്ളത്. ഇതിൽ 21 സീറ്റുകൾ കോൺഗ്രസ് നേടും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ പത്ത് സീറ്റുകൾ കൂടുതലാണ്. കഴിഞ്ഞ തവണ 24 സീറ്റ് നേടിയ ബിജെപിക്ക് 14 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്.
കോൺഗ്രസിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന തീരദേശ കർണാടകയിൽ ജെ ഡി എസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6 ശതമാനം വോട്ട് വിഹിതത്തിൽ നിന്ന് ഇത്തവണ 10 ശതമാനമായി നേട്ടമുണ്ടാക്കാനാണ് സാധ്യത. എന്നാൽ ഇത് ജെഡിഎസിന് ഒരു സീറ്റിലും വിജയം നല്‍കില്ല. 2018ലെ 51 ശതമാനത്തിൽ നിന്ന് 48 ശതമാനം വോട്ടുകളോടെ ബിജെപിക്ക് 17 സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ കോൺഗ്രസ് 4 സീറ്റുകൾ നേടാനാണ് സാധ്യത.
ബംഗളൂരുവിൽ, ബി ജെ പി അതിന്റെ നില മെച്ചപ്പെടുത്തുകയും 32 ൽ 13 സീറ്റുകൾ നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം കോൺഗ്രസ് 17 സീറ്റുകൾ നേടും. ജെ ഡി എസ് 2018 ൽ നേടിയതിനേക്കാൾ രണ്ട് സീറ്റുകൾ കുറവ് നേടാനാണ് സാധ്യതയെന്നാണ് പ്രവചിക്കപ്പെടുന്നത്.
31 സീറ്റുകളുള്ള ഹൈദരാബാദ്-കർണാടക മേഖലയിൽ 2018ൽ 15 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 45 ശതമാനം വോട്ട് വിഹിതത്തോടെ 21 ആയി ഉയർത്താനാണ് സാധ്യത. മറുവശത്ത്, ബി ജെ പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ രണ്ട് സീറ്റുകൾ കുറഞ്ഞ് 10 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. 2018ൽ 4 സീറ്റ് ലഭിച്ചിരുന്ന ജെഡിഎസ് ഇത്തവണ പൂജ്യമാകുമെന്നാണ് പ്രവചനം.
50 സീറ്റുകളുള്ള മുംബൈ-കർണാടക മേഖലയിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രവചനം. ഇവിടെ കോൺഗ്രസിന് 28 സീറ്റും ബിജെപിക്ക് 22 സീറ്റും ലഭിക്കും. സർവ്വേ അനുസരിച്ച് തൊഴിലില്ലായ്മ (31 ശതമാനം) അടിസ്ഥാന സൗകര്യങ്ങൾ (24 ശതമാനം), വിദ്യാഭ്യാസ സൗകര്യങ്ങൾ (14 ശതമാനം), അഴിമതി (13 ശതമാനം) എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 224ൽ 104 സീറ്റുകൾ ബിജെപി നേടിയെങ്കിലും ഭൂരിപക്ഷമായ 113 ല്‍ എത്താന്‍ സാധിച്ചിരുന്നില്ല. 2013ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങി. 18 ശതമാനത്തിലധികം വോട്ട് വിഹിതം നേടിയ ജെഡിഎസ് 37 സീറ്റുകളും നേടി. കോൺഗ്രസ്-ജെഡിഎസ് സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും ഒരു കൂട്ടം എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെ സർക്കാർ വീണു.












Click it and Unblock the Notifications