ആര്‍ജെഡിയുടെ ഔദാര്യം വേണ്ടെന്ന് കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കും
പട്‌ന: ഉപതിരഞ്ഞെടുപ്പില്‍ അടക്കം തോറ്റിട്ടും പഠിക്കാതെ കോണ്‍ഗ്രസ്. ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആവശ്യത്തിന് ശക്തിയേറുകയാണ്. ആര്‍ജെഡിയില്‍ നിന്ന് ബഹുമാനം ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. വളരെ കുറച്ച് സീറ്റുകള്‍ മാത്രമാണ് ആര്‍ജെഡി ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. നിയമസഭയിലെ തദ്ദേശ സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 എംഎല്‍സി സീറ്റുകളാണ് ഉള്ളത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. പന്ത്രണ്ട് സീറ്റുകളിലെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇക്കാര്യം ബീഹാറിന്റെ ചുമതലയുള്ള ഭക്തചരണ്‍ ദാസുമായി നേതാക്കള്‍ ദില്ലിയിലെത്തി സംസാരിക്കുകയും ചെയ്തു.

ആര്‍ജെഡിയുമായുള്ള സഖ്യം ഒഴിവാക്കുന്ന കാര്യം സംസ്ഥാന നേതൃത്വവുമായി തീരുമാനിക്കാന്‍ സാധിക്കുന്നതല്ല. ഇത് ഹൈക്കമാന്‍ഡിന്റെ കൈയ്യിലുള്ള തീരുമാനമാണ്. സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ജായ്ക്ക് സഖ്യം വിടണമെന്നാണ് ആവശ്യം. ഒപ്പം സംസ്ഥാന പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിംഗും ഇതേ ആവശ്യത്തിലാണ്. ഇരുപത് സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആര്‍ജെഡിയുടെ പ്ലാന്‍. കോണ്‍ഗ്രസിന് ആകെ നാല് സീറ്റ് നല്‍കുകയേ ഉള്ളൂ എന്നും ആര്‍ജെഡി നേതൃത്വം അറിയിച്ചിട്ടുണ്ട്. താരാപൂരിലും, കുശ്വേശ്വര്‍ അസ്താനിലും ഉപതിരഞ്ഞെടുപ്പ് തോറ്റത് കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും ആശങ്കപ്പെടുത്തുന്നതാണ്. ഇത് സഖ്യമില്ലാതെയാണ് ഇരുവരും മത്സരിച്ചത്.
അതേസമയം ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആര്‍ജെഡി കോണ്‍ഗ്രസുമായുള്ള സഖ്യം നിലനില്‍ക്കുമെന്നായിരുന്നു പറഞ്ഞത്. എംഎല്‍സി കൗണ്‍സിലിലേക്ക് എട്ട് സീറ്റ് വരെ ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആര്‍ജെഡിയുടെ നീക്കം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. നേരത്തെ അഖിലേഷ് പ്രസാദ് സിംഗ് ദില്ലിയിലെത്തി ലാലുവിനെ കണ്ടിരുന്നു. ജനുവരി 28 വരെ കാത്തിരിക്കാനാണ് ലാലു കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തേജസ്വി യാദവ് വിദേശത്താണ്. ആര്‍ജെഡി ഔദാര്യം പോലെ തരുന്നത് സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അജിത് ശര്‍മ പറയുന്നു.
ആര്‍ജെഡി അവസരവാദികളാണ്. കോണ്‍ഗ്രസിനെ തകര്‍ത്തത് അവരാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തന്നെ അവരുമായി സഖ്യമുണ്ടാക്കിയതിലൂടെ ഇല്ലാതായെന്നും സീനിയര്‍ നേതാവ് കിഷോര്‍ കുമാര്‍ ജാ പറഞ്ഞു. സംഘടനാപരമായി കോണ്‍ഗ്രസ് പലയിടത്ത് നിന്നും തുടച്ച് മാറ്റപ്പെട്ടു. മിഥിലാഞ്ചലില്‍ പോലും ഇപ്പോള്‍ കോണ്‍ഗ്രസില്ല. ഇതെല്ലാം ആര്‍ജെഡിയുമായുള്ള സഖ്യം കാരണമാണ്. ബീഹാര്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് ആര്‍ജെഡിയെ വേണം. കാരണം അവരുടെ ബന്ധുക്കള്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവരെ ജയിപ്പിക്കാന്‍ വേണ്ടിയിട്ടാണ് അതെന്നും കിഷോര്‍ കുമാര്‍ ജാ പറഞ്ഞു. ബേട്ടിയ, ദര്‍ബംഗ, റോത്തസ്-കൈമൂര്‍, കാത്തിഹാര്‍, ബെഗുസരയ്, ജമൂയ്, സഹര്‍സ, പൂര്‍ണിയ, നവാഡ എന്നിവിടങ്ങളില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.












Click it and Unblock the Notifications