യോഗയെ ജനകീയമാക്കിയതിന് നെഹ്റുവിന് മാത്രമല്ല മോദിക്കും പ്രശംസ, ചർച്ചയായി തരൂരിന്റെ ട്വീറ്റ്
ഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ ചര്‍ച്ചയായി കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രശംസിച്ചുകൊണ്ടാണ് തരൂര്‍ യോഗ ദിനത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. യോഗ ജനകീയമാക്കിയതിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രശംസിച്ചതിന് മറുപടിയായാണ് തരൂരിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം.
കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: 'യോഗയെ ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ജനകീയമാക്കുകയും ചെയ്തു പണ്ഡിറ്റ് നെഹ്‌റുവിന് ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ നന്ദി പറയുന്നു. നമ്മുടെ ശാരീരികവും മാനസികുമായ ആരോഗ്യത്തിനും യോഗയ്ക്കുളള പ്രാധാന്യം അംഗീകരിക്കുകയും അത് ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം'.

യോഗ പോസിലുളള നെഹ്‌റുവിന്റെ ചിത്രവും കോണ്‍ഗ്രസ് ട്വീറ്റിനൊപ്പമുണ്ട്. ഈ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് ശശി തരൂരിന്റെ മോദി പ്രശംസ. 'തീര്‍ച്ചയായും! യോഗയെ തിരിച്ച് കൊണ്ടുവരികയും പ്രശസ്തമാക്കുകയും ചെയ്ത എല്ലാവരേയും അംഗീകരിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭ വഴി യോഗാ ദിനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയ നമ്മുടെ സര്‍ക്കാരും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രാലയവും അടക്കമുളളവര്‍ അംഗീകരിക്കപ്പെടണം.
കാലങ്ങളായി ഞാന്‍ പറഞ്ഞ് വരുന്നത് പോലെ, ലോകരാജ്യങ്ങള്‍ക്കിടയിലെ നമ്മുടെ മൃദുശക്തിയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് യോഗ. അതിന് ലഭിക്കുന്ന അംഗീകാരം സന്തോഷിപ്പിക്കുന്നതാണ്', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര യോഗ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്നില്‍ ഇന്ന് ആഘോഷിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പങ്കെടുത്ത പരിപാടി ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications