'കോൺഗ്രസ് പുതിയ മുസ്ലീം ലീഗ്,സിദ്ധരാമയ്യ സർക്കാരിന്റെ ഹിന്ദു വിരുദ്ധത വെളിപ്പെട്ടു'; ബിജെപി
ബെംഗളൂരു: വിവാദ മതപരിവർത്തന നിയമം റദ്ദാക്കിയ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി. കോൺഗ്രസ് പുതിയ മുസ്ലീം ലീഗാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ ഇല്ലാത്താക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നതെന്നായിരുന്നു ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ ആർ പാട്ടീൽ ട്വീറ്റ് ചെയ്തത്. അവരുടെ ഹിന്ദു വിരുദ്ധ അജണ്ട വെളിപ്പെട്ടെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
'ഇതാണോ രാഹുൽ ഗാന്ധി സ്നേഹത്തിന്റെ കട? സിദ്ധരാമയ്യ സർക്കാരിന്റെ ഹിന്ദു വിരുദ്ധ അജണ്ട കൂടുതൽ വെളിപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കൾ തുടച്ചുനീക്കപ്പെടുന്നത് കാണാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. ബി ജെ പി നടപ്പാക്കിയ മതരിവർത്തന നിയമം പിൻവലിക്കാൻ ഹിന്ദു വിരുദ്ധ മാഫിയ സിദ്ധരാമയ്യ സർക്കാരിനെ സ്വാധീനിച്ചിരിക്കുകയാണ്', ബസനഗൗഡ ട്വീറ്റിൽ പറഞ്ഞു.

കോൺഗ്രസ് പുതിയ മുസ്ലീം ലീഗാണെന്നും ഹിന്ദുക്കളെ വേദനിപ്പിക്കാൻ അവർ ഏതറ്റം വരേയും പോകുമെന്നുമായിരുന്നു ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി പ്രതികരിച്ചത്. കോൺഗ്രസിന് പോപ്പുലർ ഫ്രണ്ട് അജണ്ടയാണെന്ന് എം പി തേജസ്വി സൂര്യയും വിമർശിച്ചു.
'കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പി എഫ് ഐയുടെ അജണ്ട വളരെ പെട്ടെന്നും ഉത്സാഹത്തോടെയും നിറവേറ്റുകയാണ്. മതപരിവർത്തന നിയമം പിൻവലിക്കുമെന്നാണ് കോൺഗ്രസ് സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്. നിർബന്ധിത മതപരിവർത്തനം തടയുകയെന്നതായിരുന്നു ബി ജെ പി നിയമം കൊണ്ട് ലക്ഷ്യം വെച്ചത്. നിയമം റദ്ദാക്കുന്നതിലൂടെ രാജ്യത്തെ ഭരണഘടയ്ക്ക് മുകളിൽ കോൺഗ്രസ് തങ്ങളുടെ വോട്ട് ബാങ്ക് താത്പര്യം സംരക്ഷിക്കുകയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്', തേജസ്വി സൂര്യ ട്വീറ്റിൽ പറഞ്ഞു.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു മതപരിവർത്തന നിയമം റദ്ദ് ചെയ്യാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരായിരുന്നു കഴിഞ്ഞ വർഷം മെയിൽ ഓർഡിനൻസിലൂടെ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവന്നത്. നിര്‍ബന്ധിച്ച് മതംമാറ്റിക്കുന്നവർക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം.
അതേസമയം ആർ ആസ് എസ് ആചാര്യന്മാരായ വി ഡി സവര്‍ക്കറെയും കെ ബി ഹെഡ്‌ഗെവാറെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി സർക്കാരായിരുന്നു കഴിഞ്ഞ വർഷം ഇവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.












Click it and Unblock the Notifications