ജമ്മു കശ്മീരില്‍ തിരിച്ച് വരവിനൊരുങ്ങി കോണ്‍ഗ്രസ്: നയിക്കാന്‍ ഗുലാം നബി ആസാദ് എത്തിയേക്കും
ദില്ലി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ വീണ്ടും കോണ്‍ഗ്രസിനെ നയിച്ചേക്കും. ജെ കെ പി സി സിയുടെ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം മാറ്റിവെച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഗുലാംനബി ആസാദിന്റെ പേര് ഉയർന്ന് വന്നത്. ജമ്മുകശ്മീരില്‍ നിന്നുള്ള നേതാക്കളുമായി രണ്ട് ദിവസത്തെ കൂടിയാലോചന നടത്തിയ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന നേതാക്കളായ അംബികാ സോണി എന്നിവർ പുതിയ പി സി സി അധ്യക്ഷനെ നിയമിക്കാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത വേണുഗോപാൽ ജമ്മു കശ്മീരിലെ പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ച് ഐക്യം പുലർത്തേണ്ടതിന്റെ ആവശ്യകതയായിരുന്നു ഊന്നിപ്പറഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ എല്ലാ നേതാക്കളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് യോജിച്ച മുഖത്തോടെ പൂർണ്ണ ശക്തിയോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ജെ കെ പി സി സി പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ ഏഴ് വർഷത്തെ സേവനത്തിന് ശേഷം ജുലൈ 7 ന് സ്ഥാനം രാജിവച്ചിരുന്നു. ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സിസി അധ്യക്ഷനാക്കാനാണ് സാധ്യത. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും,നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കുമെന്നാണ് രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുത്ത ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി
"ആസാദ് കോൺഗ്രസിന്റെ ജി-23 ഗ്രൂപ്പിലെ 'വിയോജിപ്പുകളുടെ' ശബ്ദമുയർത്തിയ നേതാവാണെങ്കിലും രണ്ട് ദിവസത്തെ മീറ്റിംഗില്‍ അദ്ദേഹം നിർണായക സ്ഥാനമായിരുന്നു വഹിച്ചിരുന്നത്. സംസ്ഥാനത്തിന്റെ ചുമതല ഒരിക്കല്‍ കൂടി ആസാദിനെ ഏല്‍പ്പിച്ച് ശക്തമായ ഒരു തിരിച്ച് വരവാണ് പാർട്ടി ലക്ഷ്യമിടുന്നത്. കൗശലക്കാരനായ രാഷ്ട്രീയക്കാരനായ ആസാദിനെ പാർട്ടി ഹൈക്കമാൻഡ് ഏറ്റവും മികച്ച ഒരു നേതാവായിട്ടാണ് കാണുന്നത്. ഈ വർഷമാദ്യം, ആസാദ് ജമ്മു കശ്മീരിലുടനീളം രാഷ്ട്രീയ റാലികൾ നടത്തുകയും ഇത് ജനങ്ങളിൽ നിന്ന് വലിയ പ്രതികരണം നേടുകയും ചെയ്തിരുന്നു.
തന്റെ പ്രസംഗങ്ങളിൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പലതവണ വാഗ്ദാനം ചെയ്ത കാര്യമാണെന്നും ഗുലാംനബി ആസാദ് ആവർത്തിച്ചിരുന്നു. രണ്ട് ദിവസത്തെ മീറ്റിംഗിൽ, ജൂലൈ 20 മുതൽ പാർട്ടി കേഡർ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുമെന്ന് ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുടിയുടെ എല്ലാ മുക്കിലും മൂലയിലും താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വന്തം നിലയിലാണോ സഖ്യത്തിലാണോ പാർട്ടി മത്സരിക്കുകയെന്നത് എ ഐ സി സി നേതൃത്വം തീരുമാനിക്കുമെന്നും ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications