അംബാനി കല്യാണവും പ്രിയങ്കയും തമ്മിലെന്ത്: ബിജെപി നുണ പറയുന്നുവെന്ന്, തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഡല്‍ഹി: ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ബി ജെ പി നേതാവിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധി ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് നിഷികാന്ത് ദുബെ രംഗത്ത് വരികയായിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധി ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും ബിജെപി എംപിയുടെ അവകാശവാദങ്ങൾ വെറും നുണകള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് വിമർശിച്ചു.
ലോക്സഭയിൽ ധനകാര്യ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു വ്യവസായി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ അടുത്തിടെ നടന്ന വിവാഹത്തിൽ ഗാന്ധി കുടുംബത്തിലെ ഒരു അംഗം പങ്കെടുത്തതായി ദുബെ അവകാശപ്പെട്ടത്. ഇത് വെറും നുണപ്രചരണം മാത്രമാണെന്നാണും വിഷയത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കിൽ ബിജെപി നേതാവിനെതിരെ നടപടിയെടുക്കുമെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് വ്യക്തമാക്കി.

ബി ജെ പി എംപി നുണ പറയുന്നത് പതിവാക്കിയ വ്യക്തിയാണെന്നും സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു. പ്രിയങ്ക ഗാന്ധി വധേര ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും അവർ പറഞ്ഞു. ബി ജെ പി എംപി നിഷികാന്ത് ദുബെ അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്തെന്ന് പ്രിയങ്കാ ഗാന്ധിയെക്കുറിച്ച് നുണ പറഞ്ഞു. എന്നാല്‍ അവർ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. ഈ മനുഷ്യൻ നുണ പറയുന്നതിന് അടിമയാണ്. ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടിയുണ്ടാകും," ശ്രീനേറ്റ് എക്‌സിൽ കുറിച്ചു.
കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ലോക്സഭയിൽ ദുബെയുടെ അവകാശവാദം നിരസിക്കുകയും ബി ജെ പി നേതാവ് ഇത്തരമൊരു പദവിയില്‍ ഇരുന്നുകൊണ്ട് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
കെസി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് എന്‍ സി പി നേതാവ് സുപ്രിയ സുലെയും രംഗത്ത് എത്തി. ബിജെപി തെറ്റായ വിവരണങ്ങൾ സൃഷ്ടിച്ച് കുടുംബങ്ങളെ അപകീർത്തിപ്പെടുത്തുകയാണെന്ന് സുപ്രിയ സുലെ ആരോപിച്ചു. "വിവാഹത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല, പക്ഷേ നമുക്ക് വ്യാജ കഥകൾ സൃഷ്ടിക്കരുത്. ബിജെപിയുടെ പ്രശ്നം അത് വ്യാജ വിവരണങ്ങൾ സൃഷ്ടിച്ച് കുടുംബങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നതാണ്. അവർ എൻ്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്തി. ഈ കുടുംബങ്ങൾ എങ്ങനെയാമ് കടന്നുപോകുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ?" സുപ്രിയ സുലെ ചോദിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധി അംബാനി വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ഉൾപ്പെടെ നിരവധി പ്രതിപക്ഷ-ഭരണ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications