ബിജെപി പിടിക്കില്ല; ഭരണം കോണ്‍ഗ്രസിന് തന്നെ... ഇരുവര്‍ക്കും മുന്നേറ്റം, രാജസ്ഥാന്‍ സര്‍വ്വെ ഫലം
ജയ്പൂര്‍: കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമോ. കോണ്‍ഗ്രസിനെ മറിച്ചിട്ട് ബിജെപി അധികാരത്തിലെത്തുമോ. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ... തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് രാജസ്ഥാനില്‍ ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടരികില്‍ നില്‍ക്കെ രാജസ്ഥാനിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.
കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള ഏതാനും സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്നാണ് പ്രചാരണം. സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവരുടെ വിമത നീക്കവും തള്ളാനാകില്ല. അതിനിടെയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കി അഭിപ്രായ സര്‍വ്വെ പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇരു പാര്‍ട്ടികളും ഭരിച്ചിട്ടുള്ള സംസ്ഥാനം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. എങ്കിലും ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ണ് കൂടിയാണിത്. ആഴ്ചകള്‍ മാത്രമാണ് അടുത്ത നിയമസഭാ തിരഞ്ഞടുപ്പിന് ബാക്കിയുള്ളത്.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ രാജസ്ഥാനില്‍ ആര് ഭരണം പിടിക്കുമെന്നാണ് സ്മാള്‍ ബോക്‌സ് ഇന്ത്യ പരിശോധിച്ചത്. നേരത്തെ പലപ്പോഴും വളരെ കൃത്യമായി പ്രവചനം നടത്തിയിട്ടുള്ള ഏജന്‍സിയാണ് സ്മാള്‍ ബോക്‌സ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇവരുടെ അഭിപ്രായ സര്‍വ്വെ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ പ്രധാന്യത്തോടെയാണ് പരിഗണിക്കാറ്. ഗുജറാത്ത്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഫലം കൃത്യമായി പ്രവചിച്ച ഏജന്‍സിയാണ് സ്മാള്‍ ബോക്‌സ് ഇന്ത്യ.
200 നിയമസഭാ മണ്ഡലങ്ങളാണ് രാജസ്ഥാനിലുള്ളത്. 104 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സ്മാള്‍ ബോക്‌സ് ഇന്ത്യയുടെ പുതിയ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് 100 സീറ്റ് നേടിയിട്ടായിരുന്നു. പിന്നീട് സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍ ഇത്തവണ ബിജെപി മോശമാക്കില്ല.
90 സീറ്റുകള്‍ നേടി ബിജെപി തൊട്ടുപിന്നിലുണ്ട് എന്ന് സര്‍വ്വെ ഫലം പറയുന്നു. അതുകൊണ്ടുതന്നെ അട്ടമറി സാധ്യതകള്‍ തള്ളാനാകില്ല. ഇരുപാര്‍ട്ടികള്‍ക്കും സാധ്യതയുണ്ടെന്ന് ചുരുക്കം. 2018ല്‍ ബിജെപിക്ക് 73 സീറ്റാണ് ലഭിച്ചിരുന്നത്. അതിനേക്കാള്‍ മികച്ച പ്രകടനം ഇത്തവണ ബിജെപി കാഴ്ചവയ്ക്കുമെന്ന് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നു. സ്വതന്ത്രരുടെ എണ്ണം 2018ല്‍ 13 ആയിരുന്നു. ഇത് ആറായി കുറയുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
രാജസ്ഥാനില്‍ ഉള്‍പ്പോര് കുറയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശുഭപ്രതീക്ഷയിലുമാണ്. കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലും ആഭ്യന്തര പോര് രൂക്ഷമാണ് എന്നതാണ് രാജസ്ഥാനില്‍ നിന്നുള്ള വാര്‍ത്ത. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനം കൂടിയാണ് രാജസ്ഥാന്‍.












Click it and Unblock the Notifications