ഹിമാചലും ഗുജറാത്തും പിടിക്കണം; നേരത്തേ പണി തുടങ്ങി കോൺഗ്രസ്..നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ദില്ലി; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുക്കാൻ കോൺഗ്രസ്. ഇതിന്റെ മുന്നോടിയായി സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഹിമാചൽ പ്രദേശിലും ഗുജറാത്തിലുമാണ് തിരഞ്ഞെടുപ്പ്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 65 അംഗ നിയമസഭയിൽ 43 സീറ്റ് നേടിയായിരുന്നു എൻ ഡി എ സഖ്യം അധികാരത്തിലേറിയത്. കോൺഗ്രസിന് അന്ന് ലഭിച്ചത് 22 സീറ്റുകളാണ്. എന്നാൽ ഇക്കുറി സംസ്ഥാനത്ത് പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചതാണ് കോൺഗ്രസ് ക്യാമ്പിന് ആവേശം പകരുന്നത്.

തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. തിരഞ്ഞെടുപ്പ് നടന്ന മാണ്ഡി ലോക്‌സഭാ സീറ്റിന് പുറമെ ഫത്തേപൂർ, അർക്കി, ജുബ്ബൽ-കോട്ഖായ് എന്നീ നിയമസഭാ സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയം. അതും വൻ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തേരോട്ടം. ഈ ആത്മവിശ്വാസം കൈമുതലാക്കി മുന്നേറുകയാണ് കോൺഗ്രസ് ഇവിടെ.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവായ വീരഭദ്ര സിംഗ് ആയിരുന്നു കോൺഗ്രസിനെ നയിച്ചിരുന്നത്. എന്നാൽ അദ്ദേഹം അന്തരിച്ചതോടെ ഇനി ആര് പാർട്ടിയെ നയിക്കണമെന്നതുൾപ്പെടെയുള്ള ചർച്ചകൾ ശക്തമാണ്. സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയ്ക്കായിരിക്കും തെരഞ്ഞെടുപ്പ് ഉത്തരവാദിത്തം പാർട്ടി നൽകിയേക്കുക. ആനന്ദ് ശർമ്മയുടെ രാജ്യസഭ അംഗത്വ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും.

കടുത്ത മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്ന ഗുജറാത്തിലും ഇത്തവണ മത്സരം കടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യം. 2017 ൽ ബി ജെ പി കേന്ദ്രങ്ങളെ വിറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. 77 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. 8 ഓളം സീറ്റുകളിൽ വെറും ആയിരത്തിൽ താഴെ മാത്രം വോട്ടുകൾക്കായിരുന്നു കോൺഗ്രസ് പരാജയം രുചിച്ചത്. 1995 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് കോൺഗ്രസ് ഇത്രയും മികച്ച പ്രകടനം കാഴ്ച വെച്ചത്.

അതേസമയം ബി ജെ പിക്ക് ലഭിച്ചത് 99 സീറ്റുകൾ ആയിരുന്നു, അതായത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ബി ജെ പിയുടെ ഏറ്റവും കുറഞ്ഞ സീറ്റുകൾ. ഭരണ വിരുദ്ധ വികാരം മുതലെടുത്ത് സംസ്ഥാനം പിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മാത്രമല്ല 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ നാട്ടിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ സാധിച്ചാൽ അത് പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നും കോൺഗ്രസ് കണക്കാക്കുന്നുണ്ട്.

ഇതോടെ 2017 ന് സമാനമായ മുന്നേറ്റം കാഴ്ച വെയ്ക്കാൻ തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി ഉടൻ തന്നെ ഗുജറാത്തിലെ നേതാക്കളെ രാഹുല്‍ ഗാന്ധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള രഘുശര്‍മ്മയും കാണും. കഴിഞ്ഞ മാസം ഗുജറാത്തിലെ ദ്വാരകയിൽ 'ചിന്തൻ ശിവിർ' എന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തിയിരുന്നു. സംസ്ഥാനത്ത് മുന്നേറാൻ നേതാക്കൾ കഠിനാധ്വാനം ചെയ്യണമെന്നായിരുന്നു രാഹുൽ യോഗത്തിൽ ആവശ്യപ്പെട്ടത്.
Recommended Video

നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്താൻ നേതാക്കൾക്കിടയിൽ കൂടുതൽ ഐക്യം വളർത്തിയെടുക്കാൻ നേതൃത്വം ശ്രമിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങാനുള്ള നേതൃത്വത്തിന്റെ തിരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.












Click it and Unblock the Notifications