ബിജെപി വിയർക്കും: ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ കോൺഗ്രസ് കുറഞ്ഞത് 10 സീറ്റെങ്കിലും നേടും: ഡികെ
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ കോൺഗ്രസ് കുറഞ്ഞത് 10 സീറ്റുകളെങ്കിലും വിജയിക്കുമെന്ന് കർണാടക പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ. ഹിന്ദുത്വ കാർഡ് കളിക്കുന്നത് ഇത്തവണ ബിജെപിയെ സഹായിക്കില്ലെന്നും ഉഡുപ്പി ജില്ലയിലെ കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡികെ ശിവകുമാർ വ്യക്തമാക്കി.
അടുത്തിടെ ഉഡുപ്പി ജില്ലയിലെ വിവിധയിടങ്ങളിൽ നൂറുകണക്കിന് ബി ജെ പി പ്രവർത്തകർ കോൺഗ്രസിൽ ചേരുകയാണ്. എങ്ങും വലിയ ആവേശമാണ്. മുൻപുള്ള സന്ദർശനങ്ങളിൽ ഞാൻ ഇത്തരമൊരു ആവേശം കണ്ടിരുന്നില്ലെന്നും പറഞ്ഞ ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശത്തില്‍ വിശദീകരണം നടത്തുകയും ചെയ്തു. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്, അല്ലാതെ സമുദായത്തെ മൊത്തത്തില്‍ അല്ലെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം.

ബസവനഗൗഡ പാട്ടീൽ യത്നാൽ, ഗൂളിഹട്ടി ശേഖർ, വിശ്വനാഥ് എന്നിവരുൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ തന്നെ നിലവിലെ സർക്കാരിനുള്ളിൽ അഴിമതി ആരോപിച്ചിരുന്നു. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിലെ കമ്മീഷനെ കുറിച്ച് പ്രതാപ് സിംഹ എം പിയും ആരോപണം ഉന്നയിച്ചു. ഇതിനോടകം തന്നെ നിരവധി ബി ജെ പി നേതാക്കളും പ്രവർത്തകരുമാണ് കോണ്‍ഗ്രസില്‍ ചേർന്നത്. ബി ജെ പിയുടെ അടിത്തറ തകർന്നു, ലിംഗായത്തുകൾ മാത്രമല്ല എല്ലാവരും കോൺഗ്രസിൽ ചേരുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
"ഞാൻ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുകയും സാർവത്രിക ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. സൗപർണിക നദിക്കും കുടജാദ്രിക്കും ഇടയിലുള്ള ദേവി ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതായി വിശ്വസിക്കപ്പെടുന്നു'' ഭാര്യയോടൊപ്പം ക്ഷേത്രത്തില്‍ നവചണ്ഡികായാഗം നടത്തിയതിനെക്കുറിച്ച് ശിവകുമാർ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.
ഇതിന് പിന്നാലെ ഉഡുപ്പി ടൗണിൽ കോൺഗ്രസിന് വോട്ട് അഭ്യർത്ഥിച്ച് ശിവകുമാർ വലിയ റോഡ് ഷോയും സംഘടിപ്പിച്ചു. സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോ സർവീസ് ബസ് സ്റ്റാൻഡ്, കവി മുദ്ദന മാർഗ, ഡയാന സർക്കിൾ, പഴയ താലൂക്ക് ഓഫീസ് വഴി അജ്ജർക്കാട് ഗ്രൗണ്ടിൽ സമാപിച്ചു. ഉഡുപ്പി, കാപ്പ് സ്ഥാനാർത്ഥികളായ പ്രസാദ്രാജ് കാഞ്ചൻ, വിനയ് കുമാർ സൊറക്കെ, ഉഡുപ്പി ഡിസിസി പ്രസിഡന്റ് അശോക് കുമാർ കൊടവൂർ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications