കോണ്‍ഗ്രസ് ജയിക്കില്ല, എന്തിനാണ് എസ്പിയുടെ വോട്ട് ചോര്‍ത്തുന്നത്, ചോദ്യങ്ങളുമായി മമത യുപിയില്‍
ദില്ലി: അഖിലേഷ് യാദവിനായി ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിന് ഇറങ്ങി മമത ബാനര്‍ജി. കോണ്‍ഗ്രസ് യുപിയില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഒരിക്കലും യുപിയില്‍ വിജയിക്കാന്‍ പോകുന്നില്ല. താന്‍ അവരെ പരസ്പരം മത്സരിക്കുന്നതില്‍ നിന്ന് തടയാന്‍ നോക്കിയതാണ്. എന്നാല്‍ അവര്‍ താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് മമത പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മമത. ഒരിക്കലും വിജയിക്കില്ലെന്ന് കോണ്‍ഗ്രസിനറിയാം, എന്നിട്ടും എന്തിനാണ് അവര്‍ മത്സരിക്കുന്നത്. മറ്റുള്ളവരുടെ വോട്ട് എന്തിനാണ് ഭിന്നിപ്പിക്കുന്നതെന്നും മമത ചോദിച്ചു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തൃണമൂലുമായുള്ള സഖ്യത്തിന് പോലും കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഗോവയില്‍ മമത തന്നെ സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ചിദംബരം വഴങ്ങിയിരുന്നില്ല. യുപിയില്‍ കോണ്‍ഗ്രസിനെ തടയാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. അഖിലേഷ് യാദവ് ഈ തിരഞ്ഞെടുപ്പ് ജയിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എല്ലാ സമുദായവും എല്ലാ വോട്ടര്‍മാരും അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തിന് വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും മമത വ്യക്തമാക്കി. വിശ്വസിക്കാന്‍ പറ്റാത്ത സഖ്യമെന്ന് നേരത്തെ തൃണമൂലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയാണ് മമത നല്‍കിയതെന്നാണ് സൂചന.
കോണ്‍ഗ്രസുമായി സഖ്യത്തിന് ശക്തമായ നീക്കങ്ങള്‍ നേരത്തെ മമത നടത്തിയിരുന്നു. സോണിയാ ഗാന്ധിയെ വരെ സഖ്യത്തിനായി കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാല്‍ സഖ്യമില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. നിരവധി കോണ്‍ഗ്രസ് നേതാക്കളെ നേരത്തെ തൃണമൂല്‍ അടര്‍ത്തിയെടുത്തിരുന്നു. ഇതില്‍ കുറേ പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവരെയൊന്നും തിരിച്ചെടുക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ വാക്‌പോരിലായിരുന്നു. 2024 മുന്നില്‍ കണ്ട് തൃണമൂല്‍ നടത്തുന്ന ദേശീയ പ്ലാനിനും ഇതോടെ തിരിച്ചടിയേറ്റിരുന്നു.
കോണ്‍ഗ്രസ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സങ്കടമുണ്ടെന്ന് മമത പറയുന്നു. മേഘാലയയിലും ചണ്ഡീഗഡിലും അതാണ് കണ്ടത്. ബിജെപി വിരുദ്ധ സഖ്യം ഒരുമിച്ച് വരണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചിലര്‍ മറ്റേതെങ്കിലും മാര്‍ഗം സ്വീകരിക്കുകയോ, ധാര്‍ഷ്ഠ്യത്തോടെ പെരുമാറുകയോ ചെയ്താല്‍, മറ്റ് വഴികള്‍ നോക്കാതെ മാര്‍ഗമില്ലെന്നും മമത പറഞ്ഞു. ബിജപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത ആവശ്യപ്പെട്ടു. അതേസമയം നാളെ മമതയും അഖിലേഷും ചേര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഒരുമിച്ചെത്തുന്നുണ്ട്. അഖിലേഷിനായി വോട്ടഭ്യര്‍ഥനയും മമത നടത്തും.












Click it and Unblock the Notifications