'മുഖ്യമന്ത്രിയുടെ ആരോഗ്യം ക്ഷയിച്ചു, ബിജെപി ഭരണത്തിലെത്തിയാല്‍ അന്വേഷിക്കും'; മോദി ഒഡീഷയില്‍
ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ഒഡീഷ. വര്‍ഷങ്ങളായി നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ (ബിജെഡി) ഭരിക്കുന്ന സംസ്ഥാനം. സമീപകാലത്തായി ബിജെപി മുന്നേറ്റം നടത്തുന്നുണ്ട്. ഇത്തവണ ഒഡീഷയുടെ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണ കളത്തിലുണ്ട്.
മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ആരോഗ്യമാണ് നരേന്ദ്ര മോദി ബരിപാഡയല്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാന വിഷയമായത്. മുഖ്യമന്ത്രിയുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിച്ചുവെന്നും അതിന് പിന്നില്‍ ഗൂഢാലചനയുണ്ടോ എന്ന സംശയവുമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ബിജെപി അധികാരത്തിലെത്തിയാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മോദി പറഞ്ഞു.

നവീന്‍ പട്‌നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയായി തമിഴ്‌നാട്ടുകാരനായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വികെ പാണ്ഡ്യന്‍ ചുമതലയേറ്റത് 2011ലാണ്. കഴിഞ്ഞ വര്‍ഷം വരെ അദ്ദേഹം ചുമതലയില്‍ തുടര്‍ന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ബിജെഡി സര്‍ക്കാരിന്റെ നെടുംതൂണായി നില്‍ക്കുന്നത് വികെ പാണ്ഡ്യനാണ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ പ്രചാരണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
''നവീന്‍ പട്‌നായികുമായി അടുപ്പമുള്ളവര്‍ തന്നെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചാണ് സംസാരിക്കാറ്. അദ്ദേഹത്തിന് അധികകാലം സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. നവീന്‍ പട്‌നായികിന്റെ മറപിടിച്ച് ഒഡീഷ ഭരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പങ്കുണ്ടോ. മുഖ്യമന്ത്രിയുടെ ആരോഗ്യം ക്ഷയിച്ചതിന് പിന്നിലുള്ള കാരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.''- മോദി പറഞ്ഞു.
വികെ പാണ്ഡ്യനാണ് ഒഡീഷയുടെ ഭരണം നടത്തുന്നത് എന്നാണ് ബിജെപിയുടെ വിമര്‍ശനം. 'വരത്തന്‍' എന്ന മട്ടിലാണ് അദ്ദേഹത്തെ ബിജെപി നേതാക്കള്‍ വിമര്‍ശിക്കാറ്. അതേസമയം, നരേന്ദ്ര മോദിക്ക് മറുപടിയുമായി നവീന്‍ പട്‌നായിക് രംഗത്തുവന്നു. ബിജെപിയിലെ നേതാക്കള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
''നരേന്ദ്ര മോദിക്ക് തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഫോണ്‍ എടുത്ത് വിളിച്ചു ചോദിച്ചാല്‍ പോരേ. എല്ലാ കാര്യങ്ങളും താന്‍ വിശദീകരിച്ചു പറയുമല്ലോ. തന്റെ ആരോഗ്യത്തിന് ഒന്നും പറ്റിയിട്ടില്ല. പൂര്‍ണ ആരോഗ്യവാനാണ്. കഴിഞ്ഞ ഒരു മാസമായി ബിജെഡിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ടെന്നും'' നവീന്‍ പട്‌നായിക് മോദിക്ക് മറുപടിയായി പറഞ്ഞു.
കഴിഞ്ഞ ദിവസം നവീന്‍ പട്‌നായിക് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചിരുന്നു. പ്രംസംഗത്തിനിടെ നവീന്റെ കൈ വിറയ്ക്കുന്നതും ക്യാമറകളില്‍ നിന്ന് ഇത് മറയ്ക്കാന്‍ തൊട്ടടുത്ത് നിന്നിരുന്ന വികെ പാണ്ഡ്യന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വികെ പാണ്ഡ്യനെ ലക്ഷ്യമിട്ട് ചില ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ ഉള്‍പ്പെടെയുള്ളവരാണ് ഈ വീഡിയോ പങ്കുവച്ചത്.












Click it and Unblock the Notifications