ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്; സാക്കിര്‍ നായിക്കിന് ഇനി രക്ഷയില്ല
എന്‍ജിഒയ്‌ക്കെതിരെ യുഎപിഎ ചുമത്തി വിലക്കേര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലെ തീരുമാനം
ദില്ലി: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായികിന്റെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്. ചൊവ്വാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. എന്‍ജിഒയ്‌ക്കെതിരെ യുഎപിഎ ചുമത്തി വിലക്കേര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്.
ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ കഫേയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ നായിക് ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും നായിക്കിന്റെ തീവ്രമതപ്രഭാഷണങ്ങള്‍ ഭീകരാക്രമണണങ്ങള്‍ക്ക് പ്രചോദനമാവുന്നുണ്ടെന്നും ആരോപണമുയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നായിക്കിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ അന്വേഷണം നടത്തുന്നത്.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍
യുഎപിഎ ചുമത്തി സാക്കിര്‍ നായിക്കിന്റെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായതായി ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയം ഉടന്‍ തന്നെ ഇത് കാണിച്ച് ഉത്തരവ് പുറത്തിറക്കും.

പീസ് ടിവിയും സാക്കിര്‍ നായിക്കും
ഭീകരവാദം വളര്‍ത്തുന്നതില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സാക്കിര്‍ നായിക്ക് സ്ഥാപകനായ പീസ് ടിവിക്കും പങ്കുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

വിവാദ പ്രഭാഷണങ്ങള്‍
സാക്കിര്‍ നടത്തുന്ന തീവ്രമതപ്രഭാഷണങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും വിവാദമതപ്രഭാഷണങ്ങളെക്കുറിച്ചും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു.

വിദേശ ഫണ്ടുകള്‍ ഭീകരവാദത്തിന്
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ലഭിച്ച വിദേശ ഫണ്ടുകള്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിനും ഭീകരവാദ പ്രവത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ക്രിമിനല്‍ കേസുകള്‍
യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ നായികിന് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് വിദേശത്തുള്ള സാക്കിര്‍ നായിക്കിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ട്
ജൂലൈ ഒന്നിന് ധാക്കയിലെ റസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് ആക്രമണത്തിന് പ്രചോദനം നല്‍കിയത് സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളാണെന്ന് ബംഗ്ലാദേശി മാധ്യമം ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ടാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്.

ബ്രിട്ടനിലും കാനഡയിലും വിലക്ക്
വര്‍ഗ്ഗീയ പ്രഭാഷണത്തിന്റെ പേരില്‍ ബ്രിട്ടനും കാനഡയും ഉള്‍പ്പെടെയുളള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ സാക്കിര്‍ നായിക്കിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യ വിലക്കേര്‍പ്പെടുത്തിയ 16 മുസ്ലിം പണ്ഡിതന്മാരുടെ പട്ടികയിലും നായിക്ക് ഉള്‍പ്പെട്ടിട്ടുണ്ട്. നായിക്ക് സ്ഥാപകനായ പീസ് ടിവിയ്ക്ക് ഭീകരാക്രമണത്തിന് ശേഷം ബംഗ്ലാദേശ് വിലക്കേര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications