ഞെട്ടിപ്പോയെന്ന് മമത: എല്ലാവരും സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്ന് രാഹുല്‍
നീലഗിരി: ഊട്ടിയില്‍ സൈനിക ഹെലികോപ്ടർ അപകടത്തില്‍പ്പെടാന്‍ കാരണം മോശം കാലാവസ്ഥയാണെന്ന് പ്രാഥമിക നിഗമനം. മേഖലയില്‍ കനത്ത മൂടല്‍ മഞ്ഞുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളും നീലഗിരി പൊലീസും വ്യക്തമാക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഹെലികോപ്ടർ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 14 പേരായിരുന്നു അപകട്ടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. 11 പേർ ഇതിനോടകം മരിച്ചതായി സ്ഥിരീകരണമുണ്ട്. ബിബിന്‍ റാവത്ത് ഉള്‍പ്പടെ 3 പേരുടെ നില അതീവമായി തുടരുകയാണ്. കൂന്നൂരിലെ വില്ലിങ്ടണ്‍ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്.
അതേസമയം, അപകടത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളും ഉള്‍പ്പടേയുള്ള നിരവധി നേതാക്കള്‍ രംഗത്ത് എത്തി. രാജ്യത്തിന്റെ സൈനിക മേധാവി ഉള്‍പ്പടെ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചത്. അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ആദ്യ പ്രതികരണങ്ങളില്‍ ഒന്നായിരുന്നു നിതിന് ഗഡ്കരിയുടേത്.

ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു കോണ്‍ഗ്രസ് നേതാ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും ആം ആദ്മി പാർട്ടി മേധാവിയും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
'സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങൾ കാണുമ്പോൾ അത്യന്തം ദുഃഖം തോന്നുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു'- പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വിറ്ററില്‍ കുറിച്ചു. അപകടവാർത്തയറിഞ്ഞ് ശരിക്കും ഞെട്ടിപ്പോയി എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.
കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടയാത്. അതേസമയം, അപകടത്തെക്കുറിച്ച് അൽപസമയത്തിനകം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്‍റിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിന്റെ സാഹചര്യത്തില്‍ അൽപസമയം മുമ്പ് അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികള്‍ രാജ്നാഥ് സിങ് പ്രധാനമന്ത്രിക്ക് മുമ്പില്‍ വിശദീകരിച്ചു. അദ്ദേഹം സാഹചര്യം വിശദമായി പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications