കൊറോണ വൈറസ് ജാതിയും മതവും നോക്കുന്നില്ല, യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി!
ദില്ലി: കൊറോണ വൈറസിന് മതവും ജാതിയും ഒന്നും ഇല്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം.
രാജ്യത്തെ തന്നെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍ പ്രദേശില്‍ ഇതുവരെ 400ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇപ്പോഴുളള പരിശോധനകള്‍ മതിയാകില്ല എന്നും യോഗി ആദിത്യനാഥിന് എഴുതിയ കത്തില്‍ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

യോഗിക്ക് കത്ത്
ഉത്തര്‍ പ്രദേശില്‍ ഇതുവരെ 410 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. നാല് പേര്‍ ഇതിനകം മരണപ്പെട്ടു. ദില്ലിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് നേരെ വിവേചനമുളളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡിന് മതവും ജാതിയും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിന് കത്തെഴുതിയിരിക്കുന്നത്.

കൂടുതൽ പരിശോധന വേണം
ഉത്തര്‍ പ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തണമെന്നും അത് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയപരമായ ആശയങ്ങളെല്ലാം മാറ്റി വെച്ച് സംസ്ഥാനത്ത് ഭയരഹിതമായ അന്തരീക്ഷമുണ്ടാക്കണമെന്നും ആളുകള്‍ക്ക് പേടി കൂടാതെ സ്വയം കൊവിഡ് പരിശോധനയ്ക്ക് എത്താനാകണമെന്നും പ്രിയങ്ക പറഞ്ഞു.

ഞങ്ങൾ ഒപ്പമുണ്ട്
ഈ മഹാമാരിക്ക് എതിരെയുളള പോരാട്ടത്തില്‍ തങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കൊറോണ വൈറസ് ജാതിയും മതവും നോക്കിയല്ല പകരുന്നത്. അത് എല്ലാവരേയും ബാധിക്കും എന്നും പ്രിയങ്ക പറയുന്നു. ഈ പോരാട്ടത്തില്‍ എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചെറിയ ലക്ഷണങ്ങള്‍ ഉളളവരെ പോലും പരിശോധിക്കാന്‍ തയ്യാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

രോഗം മറച്ച് വെക്കുന്നു
അടിയന്തരമായി സംസ്ഥാനത്ത് കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളും തയ്യാറാക്കണമെന്നും കത്തില്‍ പ്രിയങ്ക പറയുന്നു. മാത്രമല്ല സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സമൂഹ വ്യാപനം നടന്ന് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധിച്ച ആളുകള്‍ അക്കാര്യം മറച്ച് വെക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിന് കാരണം രോഗത്തെക്കുറിച്ചുളള ഭീതി പരത്തലാണ്.
Recommended Video

ജനങ്ങളുടെ വിശ്വാസം നേടണം
അതിനാല്‍ കൊവിഡിനെ കുറിച്ചുളള ആധികാരികമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണം. വ്യാജ വാര്‍ത്തകളും അന്ധവിശ്വാസങ്ങളും കൊറോണ വൈറസിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് തടയണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടാന്‍ സര്‍ക്കാരിനാകണം. എങ്കില്‍ മാത്രമേ രോഗബാധയുളളവര്‍ സ്വമേധയാ മുന്നോട്ട് വന്ന് പരിശോധനയ്ക്ക് തയ്യാറാവുകയുളളൂ എന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications