സര്‍ക്കാരിന് ലോട്ടറി; ഈ നീക്കം നടത്തിയാല്‍ ജനങ്ങള്‍ക്ക് ഓണം ബംബറിനേക്കാള്‍ നേട്ടം, പ്രവചനം
ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയാന്‍ പോകുന്നു എന്ന് പ്രവചനം. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറാണ്. ഇത് 52 ഡോളറിലേക്ക് ഇടിയുമെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സും ജെപി മോര്‍ഗനും സമാനമായ പ്രവചനം നടത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ 2026 വലിയ സാമ്പത്തിക നേട്ടത്തിന്റേതാകും.
2022-2023 വര്‍ഷം ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വേണ്ടി 158 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കും കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളിലെ കണക്കും നോക്കിയാല്‍ 50 ബില്യണ്‍ ഡോളര്‍ ചെലവ് കുറഞ്ഞു. അതായത്, അത്രയും പണം ഖജനാവില്‍ തന്നെയുണ്ട്. ഈ ചെലവ് കുറഞ്ഞത് സര്‍ക്കാരിന് ലോട്ടറിയാണ്. ഇനി ജനങ്ങള്‍ക്ക് ബംബര്‍ എങ്ങനെ എന്ന് പറയാം.

നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളര്‍ ആകുമ്പോഴാണ് ഇത്രയും ലാഭം വരുന്നത്. ഇനി അടുത്ത വര്‍ഷം 52 ഡോളറിലേക്ക് വില കുറഞ്ഞാല്‍ ഖജനാവിലേക്ക് കൂടുതല്‍ പണം എത്തും. അതായത്, ഇറക്കുമതി ചെലവ് വീണ്ടും താഴും. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വലിയ നേട്ടമാകും. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നാണ് സംശയം.
സര്‍ക്കാര്‍ തന്ത്രത്തില്‍ നീങ്ങും
ആദായ നികുതിയും ജിഎസ്ടിയും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കുറച്ചിരുന്നു. ഇതുവഴി സര്‍ക്കാരിന് വരുമാനത്തില്‍ വലിയ ഇടിവ് വരും. ഈ സാഹചര്യത്തില്‍ ഇന്ധന നികുതി കൂടി കുറയ്ക്കാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, നാല് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഇതുകണ്ട് ഇന്ധന നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
ഇന്ധന നികുതി കുറയ്ക്കാതെ കൂടുതല്‍ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കാന്‍ ശ്രമിച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍. അതുവഴി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കൈയ്യിലെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചേക്കും. എണ്ണയുടെ വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം മറ്റു പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയേക്കും.
ലോട്ടറിയും ബംബര്‍ ലോട്ടറിയും
2013-14 സാമ്പത്തിക വര്‍ഷം പെട്രോളിയത്തില്‍ നിന്നുള്ള വരുമാനം 1.53 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷം ഇത് 4.92 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലഭിച്ചത് 4.15 ലക്ഷം കോടി രൂപയാണ്. മണ്ണെണ്ണ, പാചക വാതകം എന്നിവയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡി കൂടി നിര്‍ത്തിയതോടെ ലഭിക്കുന്ന വരുമാനം വീണ്ടും വര്‍ധിച്ചു.
2014 മെയ് മാസത്തില്‍ ക്രൂഡ് ഓയില്‍ വില 109 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.41 രൂപയും ഡീസലിന് 56.71 രൂപയുമായിരുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 66 ഡോളര്‍ ആയി താഴ്ന്നിട്ടും പെട്രോള്‍ വില 94.77 രൂപയും ഡീസല്‍ ലിറ്ററിന് 87.67 രൂപയുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ വില കൂടും. ക്രൂഡ് വില ഇനിയും താഴുകയും ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്താല്‍ ജനങ്ങള്‍ക്ക് ബംബര്‍ ലോട്ടറിയായിരിക്കും. ഇന്ധന നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് മാത്രമകും ലോട്ടറി.












Click it and Unblock the Notifications