ക്രൂഡോയില്‍ വില കുതിക്കുന്നു, 4 ആഴ്ച്ചയ്ക്കിടെ 25 ശതമാനം വര്‍ധന, ഇന്ത്യയില്‍ ഇന്ധന വില കൂടിയേക്കും
ദില്ലി: ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുതിക്കുന്നു. നാല് ആഴ്ച്ചയ്ക്കിടെ വര്‍ധിച്ചത് 25 ശതമാനമാണ്. ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വില അടുത്ത് തന്നെ വന്‍ തോതില്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഇന്ധന വില ഇന്ത്യയില്‍ വര്‍ധിക്കാന്‍ പോകുന്നത്. ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ക്രൂഡോയിലുള്ളത്. ബാരലിന് 88 ഡോളറിന് മുകളിലാണ് വില. ബ്രെന്‍ഡ് ക്രൂഡിന്റെ വില 88.38 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ പണപ്പെരുപ്പം അടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നതിനിടെ പെട്രോള്‍-ഡീസല്‍ വില കൂടി വര്‍ധിക്കുന്നത് പ്രതിസന്ധിയാവും. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇന്ധന വിലയില്‍ കാര്യമായ കുറവുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതോടെയായിരുന്നു വിലയില്‍ കുറവ് വന്നത്.

പുതുവത്സരത്തിന്റെ തുടക്കം മുതല്‍ ക്രൂഡോയില്‍ വില കുതിച്ച് കയറുകയായിരുന്നു. നാലാഴ്ച്ചയ്ക്കിടെ സമാനതകളില്ലാത്ത തരത്തിലാണ് ക്രൂഡോയില്‍ വില ഉയര്‍ന്നത്. ഡിസംബര്‍ ഒന്നിന് ബ്രെന്‍ഡ് ക്രൂഡോയിലിന്റെ വില വെറും 69 ഡോളര്‍ മാത്രമായിരുന്നു. അതാണ് ഇപ്പോള്‍ റെക്കോര്‍ഡ് വര്‍ധനവിലെത്തി നില്‍ക്കുന്നത്. ഒക്ടോബറിന് ശേഷം ഇത്രയും സമയം ക്രൂഡോയില്‍ വില വര്‍ധിച്ച് നില്‍ക്കുന്നതും ആദ്യമായിട്ടാണ്. ഇറാഖില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള ഇന്ധന പൈപ്പ്‌ലൈനില്‍ നിന്നുള്ള വിതരണം മുടങ്ങി സാഹചര്യത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നത്. അതേസമയം ക്രൂഡോയില്‍ വിലയാണ് ഏതൊരു രാജ്യത്തെയും ഇന്ധന വിലയെ സ്വാധീനിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ നിരക്കുകള്‍ അത്ര കുറഞ്ഞിട്ടല്ല ഉള്ളത്. വീണ്ടും വര്‍ധിപ്പിച്ചിട്ടില്ല എന്ന് മാത്രമാണ് ഉള്ളത്.
ദില്ലിയില്‍ ബുധനാഴ്ച്ചത്തെ കണക്ക് പ്രകാരം പെട്രോളിന് 95 രൂപ 41 പൈസയാണ്. ഡീസലിന് 86 രൂപ 67 പൈസയും നല്‍കണം. ഇന്ധന വില കുറയുന്നതിന് മുമ്പ് ദില്ലിയില്‍ നൂറിന് മുകളില്‍ പെട്രോളിന് നല്‍കണമായിരുന്നു. അതേസമയം ഇന്ധന വില വര്‍ധിച്ചതോടെ ഇന്ത്യയിലെ സമ്പദ് രംഗം തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എല്ലാ വ്യവസായ മേഖലകളെയും ഇത് രൂക്ഷമായി ബാധിച്ചു. ഒപ്പം പണപ്പെരുപ്പവും വര്‍ധിച്ചതോടെ സാധനങ്ങളുടെ വിലയില്‍ അടക്കം ഗണ്യമായ വര്‍ധനവുണ്ടായി. സര്‍ക്കാരിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ വരെയുണ്ടായിരുന്നു. ക്രൂഡോയില്‍ വില കുതിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
അതേസമയം അടുത്ത മാസങ്ങളിലായി തിരഞ്ഞെടുപ്പുകള്‍ അടക്കം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന് വലിയ റിസ്‌കാണ്. അതിന് കേന്ദ്രം തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ ഹിമാചല്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടി നേരിട്ടത് ഇന്ധന വിലയും വിലക്കയറ്റവും കാരണമായിരുന്നു. ഇതോടൊപ്പംം ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയും വര്‍ധിച്ചിരിക്കുകയാണ്. 4.2 ശതമാനമാണ് വര്‍ധിച്ചത്. 3232.87 രൂപയാണ് ഇപ്പോഴത്തെ വില. ജനുവരിക്ക് ശേഷം വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതില്‍ നിര്‍ണായക ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications