മലയാളിയായ സി വി ആനന്ദബോസ് പുതിയ പശ്ചിമബംഗാൾ ഗവർണർ
ന്യൂഡൽഹി: മലയാളിയായ സി വി ആനന്ദബോസ് പുതിയ പശ്ചിമബംഗാൾ ഗവർണർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമാണ് സി വി ആനന്ദബോസ്. മുൻ പശ്ചിമ ബംഗാൾ ഗവർണർ, ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി പോയ ഒഴിവിലാണ് സി വി ആനന്ദബോസിനെ ഗവർണറായി രാഷ്ട്രപതി നിയമിച്ചത്.
മണിപ്പൂർ ഗവർണർ എൽ. ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധികച്ചുമതല. ആനന്ദബോസിനെ മുഴുവൻസമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്, ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. യുഎൻ പാർപ്പിട വിദഗ്ധസമിതി ചെയർമാനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു.
2019ലാണ് ആനന്ദബോസ് ബിജെപിയിൽ ചേർന്നത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനിടെ അന്നത്തെ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായിൽ നിന്നാണ് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ജവഹർലാൽ നെഹ്‌റു ഫെല്ലോഷിപ്പിന് അർഹനായ വ്യക്തിയാണ് ബോസ്. ഉന്നത സിവിൽ സർവീസ് ഓഫീസർമാരെ പരിശീലിപ്പിക്കുന്ന മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആദ്യത്തെ ഫെലോ കൂടിയാണ് അദ്ദേഹം.
മികച്ച എഴുത്തുകാരനും കോളമിസ്റ്റുമായ ബോസ് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി നോവലുകളും ചെറുകഥകളും കവിതകളും ലേഖനങ്ങളും ഉൾപ്പെടെ 40 പുസ്തകങ്ങൾ ആനന്ദ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ വികസന അജണ്ട തയ്യാറാക്കിയ ഒരു വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു ബോസ്. ഗവർണർ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് സി.വി.ആനന്ദബോസ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരൻ പിള്ള നിലവിൽ ഗോവ ഗവർണറാണ്.












Click it and Unblock the Notifications