ബിപോര്‍ജോയ്: മുംബൈയില്‍ കനത്ത മഴ, ഗുജറാത്തില്‍ ജാഗ്രതാ നിര്‍ദേശം; യോഗം വിളിച്ച് മോദി
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് - പാകിസ്ഥാന്‍ അതിര്‍ത്തി ഭാഗത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിപോര്‍ ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകീട്ട് തടസപ്പെട്ടു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാവുകയും വൈകുകയും ചെയ്തു. നൂറു കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളമാണ് വിമാനത്താവളത്തില്‍ കാത്തുനിന്നത്. മോശം കാലാവസ്ഥയും റണ്‍വേ താല്‍ക്കാലികമായി അടച്ചതും കാരണം മുംബൈയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ വൈകുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ വരെ വീശിയടിച്ചേക്കാവുന്ന ചുഴലിക്കാറ്റായി ബിപോര്‍ജോയ് ജൂണ്‍ 15 ആകുമ്പോഴേക്കും സൗരാഷ്ട്ര, കച്ച്, മാന്‍ഡ്വി എന്നിവിടങ്ങളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നിലവില്‍ പോര്‍ബന്തറില്‍ നിന്ന് 340 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്.
ഗുജറാത്ത്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് ടീമുകളെ വിന്യസിക്കുകയും ആറ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തീരദേശ ജില്ലകളിലെ കളക്ടര്‍മാര്‍, കരസേന, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ബിപോര്‍ജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് ശേഷം അടിയന്തര യോഗം ചേരും.
ഇതിനിടെ, സിന്ധിലെയും ബലൂചിസ്ഥാനിലെയും അധികൃതരോട് ജാഗ്രത പാലിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണ്‍ 13 രാത്രി മുതല്‍ സിന്ധ്, മക്രാന്‍ തീരങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു












Click it and Unblock the Notifications