ബിപോര്‍ജോയ് ആഞ്ഞടിക്കുന്നു, 125 കിലോമീറ്റര്‍ വേഗത; വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
അഹമ്മദാബാദ്: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കരയിലെത്തിയതിന് പിന്നാലെ ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. ചുഴലിക്കാറ്റ് അര്‍ദ്ധരാത്രി വരെ തുടരാനാണ് സാധ്യത. അതേസമയം. ദേവഭൂമി ദ്വാരക ജില്ലയില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗുജറാത്തിലെ തീരമേഖലകളില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റില്‍ വീടുകള്‍ തകര്‍ന്നു. നിരവധിയിടങ്ങളില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. അതിനിടെ മുന്‍കരുതല്‍ നടപടിയായി ഗുജറാത്തിലെ കച്ചിലെ നാല് പട്ടണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കച്ച് ജില്ല.

അതേസമയം സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചിലയിടങ്ങില്‍ 25 സെന്റിമീറ്റര്‍ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനത്തിന് 50 കിലോമീറ്റര്‍ വ്യാസമുണ്ട്.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനവും ഗുജറാത്ത് തീരത്തോട് അടക്കുകയാണ് എന്നാണ് വിവരം. സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മണിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം കരയ്ക്ക് മുകളിലായിരിക്കുമെന്നും അര്‍ധരാത്രിക്ക് ശേഷം ചുഴലിക്കാറ്റ് ശക്തി കുറഞ്ഞേക്കാമെന്നും ഐഎംഡി ഡിജി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറും.
ഇതോടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെയായി കുറയുമെന്നും എന്‍ഡിആര്‍എഫ് ഐജി നരേന്ദ്ര സിംഗ് ബുണ്ടേല പറഞ്ഞു. അതേസമയം ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയില്‍ സുരക്ഷ വിലയിരുത്താന്‍ യോഗം ചേര്‍ന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 99 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ടെന്നും 39 ട്രെയിനുകള്‍ താല്‍ക്കാലികമായി സമയം മാറ്റിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം രാജസ്ഥാനിലെ ബാര്‍മര്‍ ടൗണിലും മുംബൈയിലും അനുഭവപ്പെടുന്നുണ്ട്. ഇവിടെ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. പാകിസ്ഥാനോടും ഗുജറാത്തിനോടും ചേര്‍ന്നുള്ള ചോഹ്താന്‍, ഷെഡ്വ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications