യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; കേരളത്തിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്
മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ വരെ യാസ് ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു. ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡീഷയിലെ ഭദ്രക് ജില്ലയിൽ ചുഴലിക്കാറ്റ് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നും കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റാണിത്.

'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിലാണ് യാസിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ വരെ യാസ് ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും യാസ് കര തൊടുക. പശ്ചിമ ബംഗാൾ, ഓഡീഷ തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. ഇപ്പോൾ തുടരുന്ന ശക്തമായ മഴയും കറ്റും ഇനിയും കനക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യാസിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് ഇവിടങ്ങളിൽ നടത്തിയിരിക്കുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാള്‍ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിലും അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം യാസിന്റെ സഞ്ചാരപദത്തിൽ കേരളമില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഇന്ന് മുതൽ സംസ്ഥാനത്തും മഴ കനക്കും. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
Recommended Video
യാസ് തെക്ക്-പടിഞ്ഞാറൻ കാലവർഷത്തെയും സ്വാധീനിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ കാലവർഷം നേരത്തേ എത്തുമെന്നു സൂചനയുണ്ട്. 31 ന് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇപ്പോൾ തന്നെ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. ഇത് മഴ നേരത്തെയാകാനും സാധ്യതയുണ്ട്.












Click it and Unblock the Notifications