ഡല്‍ഹിയില്‍ പാന്‍ മസാല മുതലാളിയുടെ മരുമകള്‍ മരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പില്‍ നിര്‍ണായക സൂചനകള്‍
ഡല്‍ഹി: കമല പസന്ദ്, രാജശ്രീ എന്നീ പാന്‍മസാല ബ്രാന്‍ഡുകളുടെ വില്‍പനയിലൂടെ കോടീശ്വരനായി മാറിയ വ്യവസായി കമല്‍ കിഷോര്‍ ചൗരസ്യയുടെ മരുമകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള കുടുംബ വസതിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സമൂഹത്തിലെ അറിയപ്പെടുന്ന കുടുംബമാണ് ഇവരുടേത്.
കമല്‍ കിഷോറിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യ നാല്‍പതുകാരിയായ ദീപ്തി ചൗരസ്യയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വലിയ ബംഗ്ലാവിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചുരിദാറിന്റെ ദുപ്പട്ട ഉപയോഗിച്ചാണ് തൂങ്ങിയത്. സംഭവ സ്ഥലത്തു നിന്ന് ദീപ്തി എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കത്ത് കണ്ടെടുത്തു. കത്തില്‍ തന്റെ മരണത്തിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെങ്കിലും 'ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍, ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്?' എന്നാണ് കുറിച്ചിട്ടുള്ളത്.

ദീപ്തിയും ഭര്‍ത്താവും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സൂചനകളാണ് കത്തില്‍ നിന്നു ലഭിക്കുന്നത്. ഇവരുടെ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി വീടുകളില്‍ ഒന്നാണ് വസന്ത് വിഹാറിലേത്.
ജിമ്മില്‍ പോയിരുന്ന ഭര്‍ത്താവ് വിളിച്ചപ്പോള്‍ ദീപ്തി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ ഭാര്യയെ കണ്ടെത്തിയത്. ഇരുവരും മക്കളും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
ദീപ്തിയും അര്‍പിതും 2010-ലാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്, പതിനാലു വയസുള്ള മകനും അഞ്ച് വയസുള്ള മകളും. ദീപ്തിയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ദീപ്തിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇതുവരെ ഔദ്യോഗികമായ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അന്വേഷണം അന്തിമ നിഗമനത്തിലെത്തുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ദീപ്തിയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ കുടുംബം ഒരു പ്രസ്താവന പുറത്തിറക്കി. ഇതില്‍ ഭര്‍ത്താവിനെതിരേയുള്ള എല്ലാ ആരോപണങ്ങളും കുടുംബം നിഷേധിക്കുന്നുണ്ട്.
റോഡരികിലെ ഒരു ചെറിയ പാന്‍-മസാല സ്റ്റാളില്‍ കമല്‍ കിഷോര്‍ ആരംഭിച്ച ബിസിനസാണ് പിന്നീട് കോടികളുടെ വ്യാപാരമായി മാറിയത്. ഇന്ന് കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് പാന്‍മസാല ബിസിനസില്‍ നിന്നു ലഭിക്കുന്നത്. കാണ്‍പൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഈ ബിസിനസ് ആരംഭിക്കുന്നത്. എന്നാല്‍ 2024 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ പാന്‍ മസാല വിപണിയുടെ മൂല്യം 46,882 കോടി രൂപയാണ്.












Click it and Unblock the Notifications