പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് കൊവിഡ്; വീട്ടില്‍ ക്വാറന്റൈനിലെന്ന് മന്ത്രി
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് കൊറോണ രോഗം. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ക്വാറന്റൈനിലാണെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. അടുത്തിടെ എന്നെ ബന്ധപ്പെട്ടവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. നേരിയ രോഗ ലക്ഷണങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അടുത്തിടെ കൊവിഡ് ബാധിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രോഗം ഭേദമായത് ഞായറാഴ്ചയാണ്. രാജ്യത്ത് അതിവേഗമാണ് കൊവിഡ് വ്യാപിക്കുന്നത്. ഒമൈക്രോണും വ്യാപിക്കുന്നുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. തമിഴ്‌നാട്ടിലും കേരളത്തിലും രോഗികളുടെ പ്രതിദിന എണ്ണം ഉയര്‍ന്നിരിക്കുകയാണ്. കൊവിഡിന്റെ തരംഗമാണെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

മിക്ക സംസ്ഥാനങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുകളും രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും വേണ്ടെന്ന് വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം അവലോകനം ചെയ്തു. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനാണ് നിര്‍ദേശം. സ്‌കൂളുകള്‍ നിലവില്‍ അടിച്ചിടേണ്ടതില്ലെന്നും തീരുമാനിച്ചു.
അതേസമയം, രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ്, യുപി, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചിട്ടില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതാകട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രചാരണത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.












Click it and Unblock the Notifications