ഡല്‍ഹിയില്‍ ആം ആദ്മിയെ ഞെട്ടിച്ച് ബിജെപിയുടെ നീക്കം; എംഎല്‍എയും മുന്‍മന്ത്രിയും പാര്‍ട്ടിവിട്ടു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ച് കൊണ്ട് ഡല്‍ഹിയില്‍ നേതാക്കള്‍ ഒന്നടങ്കം ബി ജെ പിയിലേക്ക്. ഛത്തര്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം എല്‍ എ കര്‍ത്താര്‍ സിംഗ് തന്‍വര്‍, ഡല്‍ഹി മുന്‍ മന്ത്രിയും പട്ടേല്‍ നഗറിലെ മുന്‍ എം എല്‍ എയുമായ രാജ് കുമാര്‍ ആനന്ദ്, മറ്റൊരു മുന്‍ പട്ടേല്‍ നഗര്‍ എം എല്‍ എ വീണ ആനന്ദ് എന്നിവര്‍ ആം ആദ്മി വിട്ടു.
ഇവര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി ബി ജെ പിയില്‍ ചേര്‍ന്നു. ദക്ഷിണ ഡല്‍ഹിയിലെ സെയ്ദ്-ഉല്‍-അജൈബ് വാര്‍ഡില്‍ നിന്നുള്ള എ എ പി കൗണ്‍സിലര്‍ ഉമദ് സിംഗ് ഫോഗട്ടും മറ്റ് കുറച്ച് എഎപി അംഗങ്ങളും പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും പ്രവര്‍ത്തനത്തിലും പ്രചോദനം ഉള്‍ക്കൊണ്ടാണ് എ എ പി നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നത് എന്നും ആപ്പ് അഴിമതി കൊടുമുടിയിലാണ് എന്നും സച്ച്‌ദേവ പറഞ്ഞു. ഈ നേതാക്കളെല്ലാവരും ബി ജെ പിയുടെ അംഗത്വം എടുത്തിട്ടുണ്ട് എന്നും തങ്ങള്‍ എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും സച്ച്‌ദേവ പറഞ്ഞു.
ഛത്തര്‍പൂരില്‍ നിന്ന് രണ്ട് തവണ എം എല്‍ എയായ തന്‍വാര്‍ 2014-ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് ബിജെ പി അംഗമായിരുന്നു. തന്‍വാര്‍ വീട്ടിലേക്ക് മടങ്ങിയെത്തി എന്നാണ് ബി ജെ പി നേതാക്കള്‍ വിശേഷിപ്പിച്ചത്. 2015 ലും 2020 ലും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചാണ് തന്‍വാര്‍ നിയമസഭയില്‍ എത്തിയത്. സംവരണ സീറ്റായ പട്ടേല്‍ നഗറില്‍ നിന്ന് 2020 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച രാജ് കുമാര്‍ ആനന്ദ് ഡല്‍ഹി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു.
പാര്‍ട്ടിയില്‍ വലിയ അഴിമതിയാണെന്നും ദളിതരെ അവഗണിക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രില്‍ 10 നാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. എ എ പിയുമായുള്ള തന്റെ ബന്ധം ഒരു ചീത്ത സ്വപ്നമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഒരു മാസത്തിനു ശേഷം മെയ് 5 ന് അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരം ജൂണ്‍ 14 ന് സ്പീക്കര്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് അയോഗ്യനാക്കി.
2013 ല്‍ പട്ടേല്‍ നഗറില്‍ നിന്ന് എഎപി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് വീണാ ആനന്ദ്. രാജ് കുമാര്‍ ആനന്ദിന്റെ ഭാര്യയായ അവര്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രദേശത്തെ സജീവ എഎപി നേതാവായിരുന്നു. 2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നേതാക്കളുടെ കൂറുമാറ്റം.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. സംഭവത്തില്‍ എഎപി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ് കുമാര്‍ ആനന്ദിന്റെ അയോഗ്യതയോടെ നിയമസഭയില്‍ എഎപിയുടെ അംഗബലം 61 ആയി കുറഞ്ഞു. കൂറുമാറ്റ നിയമപ്രകാരം തന്‍വാറും അയോഗ്യനാക്കപ്പെടാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications