വേശ്യാവൃത്തി സംശയിച്ച് അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ഗുഡ്ഗാവ്: വേശ്യാവൃത്തി ആരോപിച്ച് അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ദില്ലി നജഫ്ഗഡ് സ്വദേശിയായ സുമിത്തി(21)നെയാണ് ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് മനേസറില്‍ നിന്നും പിടികൂടി. പോലീസിന്റെ പതിവ് പരിശോധനയ്ക്കിടെ ഇവര്‍ പിടിയിലാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രതികളില്‍ നിന്നും രണ്ട് ഇന്ത്യന്‍ നിര്‍മിത തോക്കുകളും തിരകളും കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. സപ്തംബര്‍ 19ന് സുമിത്തിന്റെ അമ്മ സുനിത(40)യെയും സഹോദരി(15)യെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ വേശ്യാവൃത്തി നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

നജഫ്ഗഡിലെ പ്രേംനഗറില്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു സുമിത്തിന്റെ താമസം. ഇരുവരും വേശ്യാവൃത്തി നടത്തുന്നുണ്ടെന്ന് ചില ഗ്രാമീണര്‍ സുമിത്തിനെ കളിയാക്കിയതിനെ തുടര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. രാജസ്ഥാനിലെ സിക്കാറില്‍ ക്ഷേത്ര സന്ദര്‍ശനത്തനെന്ന പേരില്‍ അമ്മയെയും സഹോദരിയെയും കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഇതിനായി സുമിത്തിനെ സഹായിച്ച ധരംബിര്‍(28), പ്രദീപ്(18) എന്നിവരെയും പിടികൂടി. അമ്മ തന്റെ പിതാവിന്റെ മരണത്തിന് കാരണമായെന്നും പോലീസ് ചോദ്യം ചെയ്യലില്‍ സുമിത്ത് വെളിപ്പെടുത്തി. 2000ല്‍ ആയിരുന്നു സംഭവം. പിടികൂടിയ മൂന്നുപേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications