ബ്രിജ് ഭൂഷൺ സിംഗിന്റെ യുപിയിലെ വസതിയിലെത്തി ഡൽഹി പോലീസ്; ചോദ്യം ചെയ്തേക്കും
ഡൽഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ യുപിയിലെ വസതിയിലെത്തി ഡൽഹി പോലീസ്. യുപിയിലെ ഗോണ്ടയിലുള്ള വീട്ടിൽ ഇന്ന് രാവിലെയോടെയാണ് പോലീസ് എത്തിയത്. ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ബ്രിജ് ഭൂഷണിനേയും ചോദ്യം ചെയ്തേക്കും.
12 പേരുടെ പേര് വിവരങ്ങൾ പോലീസ് ഇവിടെ നിന്ന് ശേഖരിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണിനെ പിന്തുണയ്ക്കുന്ന നിരവധി പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ രേഖപ്പെടുത്തിയത്.

ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ പത്ത് പരാതികളായിരുന്നു നൽകിയത്. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഡൽഹി പോലീസ് ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിതാവ് നൽകിയ പരാതിയിലും മറ്റ് ആറ് ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലുമാണ് കേസ് എടുത്തത്. മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന 354, 354(എ), 354(ഡി), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബ്രിജ് ഭൂഷണിനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. ഫോട്ടോ എടുക്കാനെന്ന വ്യാജേന ചേർത്ത് നിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സപ്ലിമെന്റുകൾ നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് അടക്കമുള്ള കാര്യങ്ങളും എഫ്ഐആറിൽ പറയുന്നുണ്ട്.
അതേസമയം എഫ്ഐആറിലെ ആരോപണങ്ങൾ നിഷേധിച്ച് ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കാൻ തയ്യാറാണെന്നുമായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്. പരാതിക്കാരുടെ കൈയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കൂവെന്നും ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.
അതിനിടെ ബ്രിജ് ഭൂഷണിനെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം തുടരാനാണ് തീരുമാനമെന്ന് ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. പ്രതീക്ഷിച്ച മറുപടിയല്ല അദ്ദേഹത്തിൽ നിന്ന് ലഭിച്ചതെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നുമായിരുന്നു താരങ്ങൾ വ്യക്തമാക്കിയത്.












Click it and Unblock the Notifications